മാഹാരാഷ്ട്ര: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിനായി തയ്യാറെടുക്കുകയായിരുന്ന 19കാരൻ വിദ്യാർഥി മഹാരാഷ്ട്രയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചത്രപതി സംഭാജിനഗർ ജില്ലയിലെ വൈജാപൂർ താലൂക്കിലെ ഖണ്ഡാല സ്വദേശി സൂരജ് സുഭാഷ് ഷിൻഡെയാണ് മരിച്ചത്.
വീട്ടിലെ മുകളിലത്തെ നിലയിലുള്ള പഠനമുറിയിലാണ് സൂരജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങള്‍ ഒരു മതപരമായ ചടങ്ങില്‍ പങ്കെടുക്കാൻ പുറത്തുപോയ സമയത്തായിരുന്നു സംഭവം. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സൂരജിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതിനെ തുടർന്ന് ബന്ധുക്കള്‍ മുകളിലെ മുറിയില്‍ പരിശോധന നടത്തുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
സൂരജിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കുറിപ്പില്‍ "അമ്മയും അപ്പയും ക്ഷമിക്കണം... അടുത്ത ജന്മത്തില് നിങ്ങള്‍ക്കായി തീർച്ചയായും ഡോക്ടറാകും. നിങ്ങള്‍ സ്വയം ശ്രദ്ധിക്കണം, സന്തോഷത്തോടെ ഇരിക്കണം" എന്ന് എഴുതിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
പഠനവും ഭാവിയും സംബന്ധിച്ച കടുത്ത മാനസിക സമ്മർദമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക സംശയം. എന്നാല്‍ മരണത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. വൈജാപൂർ പൊലീസ് ആകസ്മിക മരണത്തിന് റിപ്പോർട്ട് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ പ്രവേശന പരീക്ഷകളിലൊന്നാണ് നീറ്റ്-യുജി. മെഡിക്കല്‍ പ്രവേശനം ലക്ഷ്യമിടുന്ന വിദ്യാർഥികള്‍ക്ക് വർഷങ്ങളോളം നീളുന്ന തയ്യാറെടുപ്പും കടുത്ത മത്സരവും പരീക്ഷാഫലത്തെക്കുറിച്ചുള്ള സമ്മർദവും വലിയ മാനസിക ഭാരമായി മാറുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
2026ലെ നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ട് പരീക്ഷാ പേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് ആദ്യ പരീക്ഷ റദ്ദാക്കുകയും പിന്നീട് പുനഃപരീക്ഷ നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പരീക്ഷാ സംവിധാനത്തെക്കുറിച്ചും വിദ്യാർഥികളുടെ സമ്മർദത്തെക്കുറിച്ചും രാജ്യവ്യാപകമായി ചർച്ചകള്‍ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ പരീക്ഷാ സംവിധാനത്തില്‍ പരിഷ്കാരങ്ങള്‍ നിർദേശിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രാധാകൃഷ്ണൻ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.
പരീക്ഷാ പ്രക്രിയ, ഡാറ്റാ സുരക്ഷ, നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിയുടെ പ്രവർത്തനം തുടങ്ങിയ വിഷയങ്ങള്‍ സമിതി പരിഗണിച്ചു.ഇതിന് പുറമെ മത്സര പരീക്ഷകളുടെ ഘടനാപരമായ പരിഷ്കാരങ്ങള്‍ക്കായി ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകണിയുടെ നേതൃത്വത്തിലുള്ള ഉന്നതല ടാസ്ക് ഫോഴ്സിനെയും സർക്കാർ രൂപീകരിച്ചിരുന്നു.
നീറ്റ് നടത്തിപ്പിന്റെ ചുമതലയുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരും സാങ്കേതിക സംവിധാനങ്ങളും ഉറപ്പാക്കേണ്ടതുണ്ടെന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.സൂരജിന്റെ മരണം വീണ്ടും ഉയർത്തുന്നത് പരീക്ഷാഫലവും മെഡിക്കല്‍ പ്രവേശനവും ഒരു വിദ്യാർഥിയുടെ ജീവിതത്തിലെ മുഴുവൻ വിജയപരാജയമായി കാണുന്ന പ്രവണതയെക്കുറിച്ചുള്ള ചോദ്യങ്ങളാണ്.






