കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനികൂപ്പർ അപകടത്തില്‍ വാഹനത്തിന്റെ വിവരങ്ങള്‍ ലഭിക്കുന്നത് വൈകും.
വാഹനത്തിൻ്റെ ഇഡിആർ ജർമ്മനിയിലേക്ക് അയക്കും. ബിഎംഡബ്ലിയു ആസ്ഥാനത്തെ വിദഗ്ധർ പരിശോധിച്ച ശേഷമേ വിവരം പൊലീസിന് നല്‍കൂ.
കമ്പനിയുടെ സ്വകാര്യത നയങ്ങളെ ബാധിക്കാതിരിക്കാനാണ് നടപടി. ഇതോടെ അപകട സമയത്തെ വാഹനത്തിനുള്ളിലെ വിവരങ്ങള്‍ പൊലീസിന് ലഭിക്കുന്നത് വൈകും.
അതിനിടെ, സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം സർക്കാരിന് കത്ത് നല്കി. അഡ്വക്കേറ്റ് ജോണ്‍ എസ്. റാല്‍ഫിന്റെ പേരാണ് കുടുംബം നിർദേശിച്ചിരിക്കുന്നത്.
ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കത്ത് നല്കി.
അതിനിടെ പ്രതികളായ സുഹൈല്‍ സജീവ്, നിനവ്, ജോയല്‍ എസ് ആൻ്റോ, അമീൻഷ എന്നിവർ എറണാകുളം സെഷൻസ് കോടതിയില്‍ ജാമ്യാപേക്ഷ നല്കി. കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെയാണ് നീക്കം. ഇതോടെ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കം പൊലീസും ആരംഭിച്ചു.






