ന്യൂഡൽഹി: നീറ്റ് പിജി ഫലം പ്രഖ്യാപിച്ചു. വ്യാഴാഴ്ചയാണ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ്
ഇൻ മെഡിക്കൽ സയൻസസ്(NBEMS) 2026-ലെ മെഡിക്കൽ പിജി പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്
NBEMS വെബ്സൈറ്റിൽ പരീക്ഷാർഥികൾക്ക് ഫലമറിയാം.
ഈ വർഷത്തെ നീറ്റ് പിജി പരീക്ഷയുടെ കട്ട് ഓഫ് മാർക്കുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒക്ടോബർ ഒന്നാം തീയതി മുതൽ വെബ്സൈറ്റിൽനിന്ന് സ്കോർ കാർഡുകൾ ഡൗൺലോഡ് ചെയ്യാം.
ഒക്ടോബർ മുതൽ ആറുമാസത്തേക്ക് സ്കോർ കാർഡുകൾ വെബ്സൈറ്റിൽ ലഭ്യമാകും.
നീറ്റ് പിജി ഉത്തരസൂചികയും ഒക്ടോബർ ഒന്നാം തീയതിയോ അതിനുശേഷമോ പ്രസിദ്ധീകരിക്കും.
2026-27 അധ്യയന വർഷത്തെ എംഡി, എംഎസ്, ഡിഎൻബി തുടങ്ങിയ പിജി,
പിജി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഓഗസ്റ്റ് 30-നാണ് നീറ്റ് പിജി പരീക്ഷ നടത്തിയത്.
2,63,544 പേരാണ് ഇത്തവണത്തെ നീറ്റ് പിജി പരീക്ഷയെഴുതിയത്.
അതേസമയം, വൈദ്യുതിതടസ്സം കാരണം ജയ്പുരിലെ രണ്ട് പരീക്ഷാകേന്ദ്രങ്ങളിൽ ഓഗസ്റ്റ് 30-ന് പരീക്ഷ പൂർത്തിയാക്കാനില്ല.
ഈ കേന്ദ്രങ്ങളിലെ പരീക്ഷാർഥികൾക്ക് സെപ്റ്റംബർ അഞ്ചിന് വീണ്ടും പരീക്ഷ നടത്തി.
സെപ്റ്റംബർ അഞ്ചിന് നടന്ന പരീക്ഷയിൽ 2416 പേരാണ് ഈ രണ്ട് കേന്ദ്രങ്ങളിലായി പരീക്ഷയ്ക്ക് ഹാജരായത്.






