തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്ത് സോഷ്യല്‍ മീഡിയ വഴി ലക്ഷങ്ങളുടെ ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ സജീവമാകുന്നു.
സമൂഹമാധ്യമങ്ങളില്‍ വ്യാജ പരസ്യങ്ങള്‍ നല്കി വാട്സാപ് വഴി തട്ടിപ്പ് നടത്തുന്ന പുതിയ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നല്കി.
ഇൻസ്റ്റഗ്രാമിലെ വ്യാജ പേജുകളിലും പോസ്റ്റുകളിലും മത്സര തീയതിയും വേദിയും നിരക്കുകളും നല്കി ടിക്കറ്റുകള്‍ ലഭ്യമാണെന്ന ആകർഷകമായ പരസ്യങ്ങള്‍ നല്‍കുകയാണ് തട്ടിപ്പുകാരുടെ രീതി. ബുക്കിംഗിനായി ലിങ്കില്‍ ക്ലിക്ക് ചെയ്യുന്ന ഉപഭോക്താക്കളെ വാട്സാപ്പിലേക്ക് എത്തിക്കുകയും തുടർന്ന് പേര്, മേല്‍വിലാസം, ഫോണ്‍ നമ്പർ, ഇ-മെയില്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാനായി വ്യാജ ബുക്കിംഗ് ഫോമുകള്‍ അയച്ചു നല്‍കുകയും ചെയ്യും.
തുടക്കത്തില്‍ ടിക്കറ്റ് റിസർവ് ചെയ്യാനെന്ന പേരില്‍ ചെറിയൊരു തുക അഡ്വാൻസായി വാങ്ങിയ ശേഷം ടിക്കറ്റ് ലഭിച്ചതായി കാണിച്ച് വ്യാജ 'ഓർഡർ കണ്ഫർമേഷൻ' സന്ദേശം അയക്കും. തുടർന്ന് ജിഎസ്ടി , റീഫണ്ടബിള്‍ ചാർജ്, വെരിഫിക്കേഷൻ ഫീ, പ്രോസസിങ് ചാർജ് എന്നീ പേരുകളില്‍ കൂടുതല്‍ തുക ആവശ്യപ്പെടുകയാണ് അടുത്ത പടി. ഈ തുക പിന്നീട് തിരികെ നല്‍കുമെന്ന് ഉപഭോക്താക്കളെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്യും.
ഇതിനുശേഷവും 'ട്രാൻസാക്ഷൻ പ്രോസസിംഗ്', 'റീഫണ്ട് പെൻഡിങ്' തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വീണ്ടും പണം ആവശ്യപ്പെടും. പണം നല്‍കിയില്ലെങ്കില്‍ ടിക്കറ്റും ആദ്യം അടച്ച തുകയും നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുസംഘം കൂടുതല്‍ തുക കൈക്കലാക്കുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
* സമൂഹമാധ്യമങ്ങളിലെ ക്രിക്കറ്റ്/കായിക മത്സര ടിക്കറ്റ് പരസ്യങ്ങള്‍ കണ്ട് കണ്ണടച്ച് വിശ്വസിക്കരുത്.
* ടിക്കറ്റ് ലഭ്യതയും ബുക്കിങ് വിവരങ്ങളും ഔദ്യോഗിക പ്ലാറ്റ്ഫോമുകള് വഴിയും സംഘാടകരുടെ അറിയിപ്പുകള് വഴിയും മാത്രം ഉറപ്പുവരുത്തുക.
* സമൂഹമാധ്യമ പരസ്യങ്ങളില്‍ കാണുന്ന വാട്സാപ് നമ്പറുകളിലേക്ക് നേരിട്ട് പണം അയക്കരുത്.
* ജിഎസ്ടി, റീഫണ്ടബിള്‍, പ്രോസസിങ് വെരിഫിക്കേഷൻ ചാർജ് എന്നീ പേരുകളില്‍ പണം ആവശ്യപ്പെട്ടാല്‍ ജാഗ്രത പാലിക്കുക.
* ചെറിയ തുക നല്കിയ ശേഷം വീണ്ടും വീണ്ടും പണം ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ സൂചനയാണ്
* ബുക്കിങ് ഐഡിയോ ഓർഡർ കണ്‍ഫർമേഷനോ ലഭിച്ചതുകൊണ്ട് മാത്രം ടിക്കറ്റ് യഥാർഥമാണെന്ന് കരുതരുത്.
* ഒടിപി, യുപിഐ പിൻ, ബാങ്ക്/കാർഡ് വിവരങ്ങള്‍ ഒരു കാരണവശാലും മറ്റുള്ളവരുമായി പങ്കുവെക്കരുത്.
ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങള്‍ ശ്രദ്ധയില്പ്പെടുയോ ഇത്തരം തട്ടിപ്പിന് ഇരയാവുയോ ചെയ്താല്‍ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബർ പൊലീസിനെ അറിയിക്കുക.






