തിരുവനന്തപുരം: ജില്ലയില്‍ തെരുവുനായ്ക്കളുടെ ശല്യം അപകടകരമായ വിധത്തില്‍ വർദ്ധിച്ചിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേസെടുത്ത് തദ്ദേശ സ്വയം ഭരണവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിക്കും കോർപ്പറേഷൻ സെക്രട്ടറിക്കും നോട്ടീസ് അയച്ചു.
തിരുവനന്തപുരം കോർപ്പറേഷൻ, നെടുമങ്ങാട്, വർക്കല, ആറ്റിങ്ങല്‍ നഗരസഭകള്‍, തിരുവനന്തപുരം ജില്ലയിലെ വിവിധ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ തെരുവുനായ ശല്യം കാരണം ജനജീവിതം ദുസഹമാണ്. ഹോട്ട് സ്പോട്ടുകള്‍ പെരുകിയിട്ടും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ മൗനം തുടരുന്നതായി പരാതിക്കാരൻ ആരോപിച്ചു.
പത്ര വാർത്തയുടെ അടിസ്ഥാനത്തില്‍ പൊതുപ്രവർത്തകനായ പി.കെ രാജു സമർപ്പിച്ച പരാതിയിലാണ് നടപടി. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.






