തക്കല: അനന്തപുരിയുടെ നവരാത്രി ആഘോഷങ്ങളുടെ സുപ്രധാന ചടങ്ങായ ഉടവാള് കൈമാറ്റം നടന്നു.
ഇന്ന് രാവിലെ എട്ട് മണിയോടെ തമിഴ്നാട്ടിലെ പദ്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയില്‍ നടന്ന ചടങ്ങില്‍ തമിഴ്നാട് ദേവസ്വം പ്രതിനിധികളില്‍ നിന്നും ദേവസ്വം മന്ത്രി കെ മുരളീധരൻ ഉടവാള് ഏറ്റുവാങ്ങി.
ഇതോടെ തലസ്ഥാന നഗരത്തിലേക്കുള്ള പ്രശസ്തമായ നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് തുടക്കമായി. എം വിൻസെന്റ് എംഎല്‍എ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
പദ്മനാഭപുരത്ത് നിന്നും പുറപ്പെടുന്ന തേവാരക്കെട്ട് സരസ്വതി ദേവിയുടെയും വേളിമല മുരുകൻ സ്വാമിയുടെയും ശുചീന്ദ്രം മുന്നൂറ്റിനങ്കയുടെയും വിഗ്രഹങ്ങള്‍ കേരള അതിർത്തി കടന്ന് എത്തുന്നതോടെയാണ് തിരുവനന്തപുരം നഗരത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമാകുക. അകമ്പടി സേവിക്കുന്ന മൂന്നൂറ്റിനങ്കയ്ക്ക് ശുചീന്ദ്രത്ത് ഭക്തിനിർഭരമായ യാത്രഅയപ്പാണ് നല്‍കിയത്. ഇന്നലെ രാവിലെ മുന്നൂറ്റിനങ്ക ദേവിയുടെ ശുചീന്ദ്രത്തെ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് യാത്ര പുറപ്പെട്ടത്. രാവിലെ 9.15ഓടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ചടങ്ങില്‍ മന്ത്രി സി.പി.ജോണ്‍,കന്യാകുമാരി എം.എല്‍.എ ദളവായി സുന്ദരം,കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മിഷണർ ജാൻസി റാണി,ടി.വി.കെ പാർട്ടിയുടെ ജില്ലാ സെക്രട്ടറി മാധവൻ തുടങ്ങിയവർ പങ്കെടുത്തു.
ക്ഷേത്രത്തിന് പുറത്ത് കേരള-തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥർ ഗാർഡ് ഓഫ് ഓണർ നല്കി. അവിടെ നിന്ന് പുറപെട്ട മുന്നൂറ്റിനങ്ക ശുചീന്ദ്രം സ്ഥാണുമാലയൻ ക്ഷേത്രത്തിന് മുന്നിലെത്തി അനുവാദം വാങ്ങി. തട്ടപൂജകളും ഭക്തരുടെ സ്വീകരണങ്ങള്ക്കും ശേഷം ദേവി പത്മനാഭപുരത്തെത്തി. ഇവിടെ ജില്ലാ പൊലീസ് മേധാവി അൻശൂല്‍ നാഗറിന്റെ നേതൃത്വത്തില്‍ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. പുലർച്ചെ മൂന്നിന് കുമാരകോവിലില്‍ നിന്ന് മുരുക വിഗ്രഹത്തിന്റെ ഘോഷയാത്ര പുറപ്പെട്ടു. മൂന്ന് വിഗ്രഹങ്ങള്‍ക്കും ഔദ്യോഗിക ബഹുമതിയോടെ കേരള അതിർത്തിയായ കളിയിക്കാവിളയില്‍ സ്വീകരണമുണ്ടാകും.






