കോട്ടയം: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഗർഭിണികളെ കേരളത്തിലെത്തിച്ച് നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേർ കോട്ടയം ഈരാറ്റുപേട്ടയില്‍ പിടിയില്‍.
തമിഴ്നാട് സ്വദേശിയായ രാജയും വാഗമണ്‍ സ്വദേശിയായ അർജുനുമാണ് അറസ്റ്റിലായത്.
അസം സ്വദേശിനിയായ ഗർഭിണി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. യുവതിയെ ഈരാറ്റുപേട്ടയ്ക്കടുത്ത് തീക്കോയിയിലെ ആളൊഴിഞ്ഞ വീട്ടില്‍ താമസിപ്പിച്ചിരുന്നതായും, പ്രസവശേഷം കുഞ്ഞിനെ കൈമാറിയാല്‍ 3 ലക്ഷം നല്‍കാമെന്ന് പ്രതികള്‍ വാഗ്ദാനം ചെയ്തതായും പരാതിയില്‍ പറയുന്നു. എന്നാല്‍ കുഞ്ഞിനെ കൈമാറാൻ തയ്യാറല്ലെന്ന് യുവതി അറിയിച്ചതോടെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് രക്ഷപ്പെട്ട യുവതി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
അന്വേഷണത്തിനിടെ ഇതേ വീട്ടില്‍ മറ്റ് രണ്ട് ഗർഭിണികളെയും പാർപ്പിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇവരെയും സമാന രീതിയില്‍ കുഞ്ഞുങ്ങളെ കൈമാറാൻ നിർബന്ധിച്ചിരുന്നോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.
കുഞ്ഞുങ്ങളെ അനധികൃതമായി കൈമാറ്റം ചെയ്യുന്ന സംഘമാണോ ഇതിന് പിന്നിലെന്നും കൂടുതല്‍ പേർ ഉള്പ്പെട്ടിട്ടുണ്ടോയെന്നുമുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനിടയുണ്ടെന്നും അന്വേഷണ സംഘം സൂചിപ്പിച്ചു.






