കൊച്ചി: യുവാക്കളെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയ കേസില്‍ ഒളിവിലുള്ള ഗുണ്ടാത്തലവന്റെ 'സ്റ്റാറ്റസി'ല്‍ ഞെട്ടി കൊച്ചി സിറ്റി പൊലീസ്.
വെല്ലിംഗ്ടണ്‍ ഐലൻഡില്‍ നിന്ന് ഇടുക്കി സ്വദേശികളായ യുവാക്കളെ 25 പേരടങ്ങുന്ന ഗുണ്ടകളുടെ അകമ്പടിയോടെ കാർ സഹിതം തട്ടിക്കൊണ്ട് പോയി 1 ലക്ഷം രൂപയും കാറും കവർന്ന കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ കുമ്പളം വടക്ക് കരിക്കത്തറ വീട്ടില്‍ ദിലീഷാണ് (42) കഴിഞ്ഞയാഴ്ച ഇൻസ്റ്റഗ്രാമില്‍ സ്റ്റാറ്റസ് ഇട്ടത്. കൊച്ചിയിലെ കോടതി വളപ്പിന് മുന്നില്‍ നില്ക്കുന്ന സെല്‍ഫിയായിരുന്നു സ്റ്റാറ്റസ്.
സ്റ്റാറ്റസ് ശ്രദ്ധയില്‍പ്പെട്ട പൊലീസും രഹസ്യാന്വേഷണ ഏജൻസികളും കോടതിയില്‍ കുതിച്ചെത്തി സി.സി ടിവി ക്യാമറകള്‍ പരിശോധിച്ചെങ്കിലും അന്നേദിവസം കോടതിയില്‍ ഇയാള്‍ എത്തിയതിന് തെളിവ് കിട്ടിയില്ല. പൊലീസിനെ വഴിതെറ്റിക്കാൻ ഒളിവിലിരുന്ന് നടത്തിയ ശ്രമമാണ് ഇൻസ്റ്റഗ്രാം സ്റ്റാറ്റസെന്നാണ് സംശയം. കോടതിക്ക് മുന്നില്‍ നിന്നെടുത്ത പഴയ സെല്‍ഫിയാണ് പോസ്റ്റ് ചെയ്തതെന്ന് കരുതുന്നു. ദിലീഷിന് വേണ്ടി തെരച്ചില്‍ ശക്തമാക്കി.
ആ തോക്കുകള്‍ എവിടെ
യുവാക്കളെ തട്ടിക്കൊണ്ട് പോയ കേസില്‍ ദിലീഷിന്റെ കൂട്ടുപ്രതിയും പശ്ചിമ കൊച്ചിയിലെ മറ്റൊരു പ്രധാന ഗുണ്ടയുമായ ഡെല്‍ബിൻ ദേവസി 2 മാസം മുമ്പാണ് തിരുവനന്തപുരം വഴുതക്കാട് നിന്ന് പിടിയിലായത്. ഇയാളെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രല്‍ ജയിലില്‍ അടച്ചു. ഗുണ്ടാസംഘം യുവാക്കളെ തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ ഹാർബർ പൊലീസിന് കിട്ടിയിരുന്നു. ഈ തോക്കുകള്‍ ദിലീഷിന്റെ കൈവശമുണ്ടെന്നാണ് ഡെല്ബിന്റെയും മറ്റ് ഗുണ്ടകളുടെയും മൊഴി. ഇവ കള്ളത്തോക്കാണോ എയർഗണ്ണുകളാണോ എന്നതില്‍ കൃത്യത ഇല്ല. തോക്ക് ഉപയോഗിച്ച് തങ്ങളെ മർദ്ദിച്ചതായി യുവാക്കളുടെ മൊഴികളിലുണ്ട്.
ഒളിച്ചു കളിയുമായി ദിലീഷ്
കേസില്‍ കൂട്ടുപ്രതികള്‍ പലരും കീഴടങ്ങുകയും മറ്റുള്ളവർ പിടിയിലാവുകയും ചെയ്തതോടെ രണ്ട് മാസം മുമ്പ് ഹാർബർ സ്റ്റേഷനിലെ ലാൻഡ് ഫോണില്‍ വിളിച്ച് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാനുള്ള സാദ്ധ്യത ദിലീഷ് അന്വേഷിച്ചിരുന്നു. ഡെല്‍ബിൻ പിടിയിലായതോടെ ഇയാള്‍ അനങ്ങിയിട്ടില്ല. ഒളിവില്‍ കഴിയവെ വൈ ഫൈ ഉപയോഗിച്ചാണ് ഫോണ്‍ വിളിക്കുന്നതും സമൂഹമാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നതും.
15 കേസുകളില്‍ പ്രതി
മയക്കുമരുന്ന്, വധശ്രമം, തട്ടിക്കൊണ്ട് പോകല്‍, പീഡനം ഉള്‍പ്പെടെ 15 കേസുകളില്‍ പ്രതിയാണ് ദിലീഷ്. ദുർബല വിഭാഗത്തില്‍പ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമത്തിനും അസഭ്യം പറഞ്ഞതിനും 2024 ല്‍ സെൻട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്വട്ടേഷൻ അടിസ്ഥാനത്തില്‍ തല്ല്, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ മുഖ്യകണ്ണിയാണ്. 2022 മേയ് 27ന് വൈറ്റില കെട്ടുവള്ളം ഹോട്ടല്‍ ആൻഡ് റസ്റ്റോറന്റിലെ 202 മുറിയില്‍ നിന്ന് 1.16 ലക്ഷം രൂപയും എം.ഡി.എം.എയുമായി പിടിയിലായ കേസില്‍ ജാമ്യത്തിലാണ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കുടിപ്പകയാണ് യുവാക്കളെ തട്ടിക്കൊണ്ടു പോയതില്‍ കലാശിച്ചത്.






