കൊച്ചി: മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസില്‍ വീഡിയോ കോൺഫറൻസിങ് വഴി ഹാജരാവാൻ അനുവദിക്കണമെന്ന അഗസ്റ്റിന് സഹോദരങ്ങളുടെ ആവശ്യം ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയുടെ അധികാരപരിധിയിലുള്ളതല്ല എന്നാണ് അഗസ്റ്റിൻ സഹോദരങ്ങളുടെ വാദം. ഇക്കാര്യത്തിലും കോടതി ഇന്ന് ഉത്തരവ് പറയും.
കഴിഞ്ഞദിവസം പ്രതികളിൽ ഒരാളായ റോജി അഗസ്റ്റിൻ കോടതിയിൽ ഹാജരായിരുന്നു. നടപടികളിൽ നിന്നും വിട്ടു നിന്ന പ്രതികളെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കേസിലെ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.
ചോറ്റാനിക്കര കോടതിയെ സമീപിക്കാനാണ് ഹൈക്കോടതി നിർദേശിച്ചത്. കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഇന്നത്തെ കോടതി ഉത്തരവിന് പിന്നാലെയാകും നടപ്പിലാക്കുക.
കേസിൽ വിചാരണ സ്റ്റേ ചെയ്യണമെന്ന ഹരജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് അമ്പലമേട് പൊലീസ് എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിലപാട്.
അതേസമയം, മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ പ്രതി റോജി അഗസ്റ്റിൻ കോടതിയിൽ ഹാജരായി. ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും എത്തിയില്ല.
മറ്റ് പ്രതികൾ എവിടെ എന്ന് കോടതി ചോദിച്ചു. ആളെ കളിയാക്കുകയാണോ എന്ന് ചോദിച്ച കോടതി റോജിയോട് മാറിനിൽക്കാനും ആവശ്യപ്പെട്ടു.
മാധ്യമങ്ങളോട് കയർത്ത റോജി അഗസ്റ്റിൻ, മാധ്യമങ്ങൾ കള്ളം പറയുന്നുവെന്നും തങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു എന്നത് കള്ളമാണെന്നും ഹൈക്കോടതി ഹരജി തള്ളിയാൽ വേറെ കോടതികൾ ഉണ്ടല്ലോയെന്നും ചോദിച്ചു.






