കുറുപ്പംപടി: കുറുപ്പംപടി മേതലയില്‍ നിന്നും കാണാതായ പതിമൂന്നുകാരിയെ ഒഡിഷയിലെ നക്സല്‍ ബാധിത മേഖലയില്‍ നിന്ന് അതിസാഹസികമായി കണ്ടെത്തി രക്ഷപ്പെടുത്തി കേരള പൊലീസ് സംഘം.
നാലായിരത്തോളം കിലോമീറ്റർ റോഡ് മാർഗ്ഗം സഞ്ചരിച്ചാണ് കുറുപ്പംപടി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കുട്ടിയെ സുരക്ഷിതമായി നാട്ടിലെത്തിച്ചത്. ഒഡിഷ സ്വദേശികളുടെ മകളായ പെണ്‍കുട്ടിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
കഴിഞ്ഞ 13-ന് വൈകീട്ടാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ കുറുപ്പംപടി പൊലീസില്‍ പരാതി നല്‍കുന്നത്. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് മേതലയിലും സമീപ പ്രദേശങ്ങളിലുമെല്ലാം ഊർജിതമായ പരിശോധന നടത്തിയെങ്കിലും യാതൊരുവിധ സൂചനയും ലഭിച്ചില്ല. തുടർന്ന് നടത്തിയ സൈബർ അന്വേഷണത്തില്‍ സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ചുള്ള നിർണായക വിവരം പൊലീസിന് ലഭിച്ചു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, സേലത്തെ കമ്പനിയില്‍ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ ഒരു യുവാവുമായി കുട്ടിക്ക് സൗഹൃദമുണ്ടെന്ന് പൊലീസ് മനസ്സിലാക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സേലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സൗഹൃദത്തിലായിരുന്ന യുവാവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതോടെ അന്വേഷണം പ്രതിസന്ധിയിലായി. ഇതേത്തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ പ്രത്യേക നിർദേശപ്രകാരം കുറുപ്പംപടി പൊലീസ് സംഘം ഒഡിഷയിലേക്ക് തിരിക്കുകയായിരുന്നു. ഒഡിഷയിലെത്തി നടത്തിയ പ്രാദേശിക അന്വേഷണത്തിലാണ് കുട്ടി അലോക് എന്ന യുവാവിനൊപ്പം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിലുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.
പതിനെട്ടാം തീയതിയോടെ പൊലീസ് സംഘം ഒഡിഷയിലെത്തിയെങ്കിലും ആ പ്രദേശം നക്സല്‍ ബാധിത മേഖലയാണെന്നും അവിടേക്കുള്ള യാത്ര ഏറെ അപകടകരമാണെന്നും അവർക്ക് ബോധ്യമായി. പകല്‍ സമയത്ത് പൊലീസ് വാഹനങ്ങള്‍ ആ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് ഒട്ടും പ്രായോഗികമല്ലെന്ന് ബഞ്ചനഗർ പൊലീസ് മുന്നറിയിപ്പ് നല്കി. തുടർന്ന് കനത്ത സുരക്ഷയോടെ അർധരാത്രിയോടെയായിരുന്നു പൊലീസിന്റെ അടുത്ത നീക്കം. എസ്.എച്ച്.ഒ.യുടെ നേതൃത്വത്തില്‍ ആയുധധാരികളായ എട്ട് പൊലീസ് ഉദ്യോഗസ്ഥരെയും കൂടി അന്വേഷണ സംഘത്തോടൊപ്പം നിയോഗിച്ചു. കേരളത്തില്‍ നിന്നുള്ള സംഘത്തിനും സുരക്ഷയ്ക്കായി ആയുധങ്ങള്‍ നല്‍കിയിരുന്നു.
വനമേഖലയിലൂടെ നാല്പത് കിലോമീറ്ററോളം സഞ്ചരിച്ച് രാത്രി പന്ത്രണ്ട് മണിയോടെ ലക്ഷ്യസ്ഥാനത്തിന് ഒരു കിലോമീറ്റർ അകലെ അവർ വാഹനങ്ങള്‍ നിർത്തിയിട്ടു. തുടർന്ന് ഒറ്റനിരയായി കാട്ടിലൂടെ കാല്‍നടയായി മുന്നോട്ടുനീങ്ങി. വനത്തിനുള്ളിലെ ആ അഞ്ച് വീടുകളില്‍ അലോകിന്റെ വീട് ഏതാണെന്ന് കണ്ടെത്തുക എളുപ്പമായിരുന്നില്ല. ഒടുവില്‍ അതീവ ജാഗ്രതയോടെ വീട് തിരിച്ചറിഞ്ഞ് പൊലീസ് സംഘം വളയുകയായിരുന്നു. പെട്ടെന്ന് സമീപവാസികളും ഉണർന്നെത്തിയതോടെ ചെറിയൊരു വാക്കുതർക്കം ഉണ്ടായെങ്കിലും, അതിനിടയില്‍ തന്നെ അലോകിനെയും പെണ്‍കുട്ടിയെയും പൊലീസ് കണ്ടെത്തുകയായിരുന്നു.
കടുത്ത അപകടസാധ്യത നിറഞ്ഞ ആ മേഖലയില്‍ നിന്ന് ഇരുവരെയും ഉടൻതന്നെ ബഞ്ചനഗർ പൊലീസ് സ്റ്റേഷനിലെത്തിച്ച് സുരക്ഷിതമാക്കി. തുടർന്ന് പൊലീസ് സംഘം പെണ്‍കുട്ടിയുമായി കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ കെ.എം. അബി, സീനിയർ സി.പി.ഒ.മാരായ എൻ.പി. ബിന്ദു, അരുണ്‍ കെ. കരുണൻ, രജിത് രാം എന്നിവരടങ്ങുന്ന മിടുക്കരായ സംഘമാണ് ഈ സാഹസിക ഓപ്പറേഷന് നേതൃത്വം നല്‍കിയത്.






