തിരുവനന്തപുരം: സംഗീത ഇതിഹാസം എസ്. ജാനകിയുടെ വിയോഗ വാർത്തയ്ക്ക് പിന്നാലെ, തനിക്കെതിരെ ഉയർന്ന വിമർശനങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും മറുപടിയുമായി കൊച്ചുമകള്‍ അപ്സര രംഗത്ത്.
മുത്തശ്ശിയുടെ മരണത്തില്‍ താൻ ദുഃഖിതയല്ലെന്നും കണ്ണീർ കണ്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ഉയർന്ന ആരോപണങ്ങള്‍ക്കെതിരെയാണ് അപ്സരയുടെ പ്രതികരണം.
'കണ്ണുകളില്‍ കണ്ണുനീർ കാണാത്തതുകൊണ്ട് എന്റെ ദുഃഖത്തെ ചോദ്യം ചെയ്യുന്നത് കണ്ടു. ദയവായി കാണുന്നതോ കാണാത്തതോ ആയ കണ്ണുനീർ കൊണ്ട് എന്റെ മുത്തശ്ശിയോടുള്ള സ്നേഹത്തെ അളക്കരുത്. ദുഃഖം എപ്പോഴും ഉച്ചത്തിലുള്ളതാകണമെന്നില്ല, അത് നിശബ്ദവും വ്യക്തിപരവുമാണ്. മരണത്തെ ആഴത്തിലുള്ള ആത്മീയ കാഴ്ചപ്പാടോടെ കാണാൻ മുത്തശ്ശി ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്,' അപ്സര കുറിച്ചു. പൊതുശ്രദ്ധയിലുള്ള കുടുംബമായതുകൊണ്ട് തന്നെ, അറിയാത്ത കാര്യങ്ങളെക്കുറിച്ച് ആളുകള്‍ അഭിപ്രായങ്ങള്‍ മെനയുന്നത് വേദനിപ്പിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
തന്റെ മൂത്ത സഹോദരി വർഷയുമായി മുത്തശ്ശിക്ക് ഉണ്ടായിരുന്ന അസാധാരണമായ ആത്മബന്ധത്തെക്കുറിച്ചും അപ്സര വാചാലയായി. 'മുത്തശ്ശിക്ക് ലോകത്തില്‍ ഏറ്റവും പ്രിയപ്പെട്ടത് വർഷയായിരുന്നു. അവർ പരസ്പരം വാക്കുകള്‍ ഇല്ലാതെ തന്നെ മനസ്സിലാക്കിയിരുന്നു. 2023-ല്‍ വർഷ നമ്മെ വിട്ടുപിരിഞ്ഞു. ആ നഷ്ടത്തില്‍ നിന്ന് ഞങ്ങള്‍ ഇനിയും മുക്തരായിട്ടില്ല. അവർ ഇപ്പോള്‍ വീണ്ടും ഒന്നിച്ചു ചേർന്നു എന്നത് മാത്രമാണ് എനിക്ക് ആശ്വാസം നല്‍കുന്നത്,' അപ്സര വികാരാധീനയായി.
അതികഠിനമായ ദുഃഖങ്ങള്‍ക്കിടയിലും തളരാതെ മുന്നോട്ട് പോകാൻ മുത്തശ്ശി നല്കിയ കരുത്ത് വലുതാണെന്ന് അപ്സര പറയുന്നു. എല്ലാവരിലും നന്മ മാത്രം കണ്ടിരുന്ന, ശാന്തയും ദയാലുവും വിനീതയുമായ ഒരു വ്യക്തിത്വമായിരുന്നു ജാനകിയമ്മയുടേതെന്ന് അപ്സര ഓർമ്മിക്കുന്നു. കുട്ടികളെപ്പോലെയുള്ള അവരുടെ ആഹ്ലാദകരമായ മനോഭാവം ചുറ്റുമുള്ളവരിലേക്ക് എന്നും സന്തോഷം പകരുന്നതായിരുന്നു. തനിക്ക് സമാധാനം നല്കുന്ന ഓർമ്മകളുമായി മുത്തശ്ശിക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടാണ് അപ്സര കുറിപ്പ് അവസാനിപ്പിക്കുന്നത്.






