ഈരാറ്റുപേട്ട: ഇലവീഴാപ്പൂഞ്ചിറയിൽ നടക്കുന്ന അനധികൃത കൈയേറ്റങ്ങളും നിർമാണ പ്രവർത്തനങ്ങളും സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ പഞ്ചായത്ത് ഭരണസമിതി സ്ഥലപരിശോധന നടത്തും. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
അനധികൃതമായി തടിവെട്ടിയ സ്ഥലവും പൊതുസ്ഥലത്ത് സ്വകാര്യ വ്യക്തി നിർമിച്ച റോഡും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഭരണസമിതി പരിശോധിക്കും. പൂഞ്ചിറയുടെ വിവിധ ഭാഗങ്ങളിൽ കൈയേറ്റങ്ങളും അനുമതിയില്ലാത്ത നിർമാണങ്ങളും വ്യാപകമാണെന്ന പരാതിയെ തുടർന്നാണ് കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ച ചെയ്തത്. തുടർന്ന് സ്ഥലം സന്ദർശിച്ച് നടപടികൾ സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.
വിനോദസഞ്ചാര വികസന പദ്ധതികൾ നടപ്പാക്കുന്ന പ്രദേശത്തുതന്നെ പ്രകൃതിയെ നശിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടക്കുന്നതിൽ വ്യാപക ആശങ്ക ഉയർന്നിട്ടുണ്ട്. പ്രദേശത്തിന്റെ ജൈവസവിശേഷതയായ ചിറ്റീന്ത് വ്യാപകമായി വെട്ടിനശിപ്പിച്ചതായും, ഇത് പ്രദേശവാസികളുടെ ഉപജീവനമാർഗത്തെയും ബാധിക്കുന്നതായും പരാതിയുണ്ട്.
കുന്നിൻപ്രദേശങ്ങളിലെ സ്വാഭാവിക ജലഒഴുക്ക് തടസ്സപ്പെടുത്തുന്ന നിർമാണങ്ങളും മലഞ്ചെരിവുകളുടെ സ്ഥിരതയെ ബാധിക്കുന്ന അനധികൃത പ്രവർത്തനങ്ങളും ഭാവിയിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ പോലുള്ള ദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകി. ഇലവീഴാപ്പൂഞ്ചിറ പോലുള്ള പരിസ്ഥിതി ദുർബല മേഖലകളിൽ ബന്ധപ്പെട്ട വകുപ്പുകൾ സംയുക്ത പരിശോധന നടത്തി അനധികൃത കൈയേറ്റങ്ങളും നിർമാണങ്ങളും തടയുകയും നിയമലംഘകർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെട്ടു.






