കണ്ണൂർ: പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ആരോപണ വിധേയരായ രണ്ട് ഡോക്ടർമാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ പീഡിയാട്രീഷ്യൻ ഡോ. ആശ നിർമലിന്റെയും പ്ലാസ്റ്റിക് സർജൻ ഡോ. ആരതി അന്തർജനത്തിന്റെയും മൊഴിയാണ് അന്വേഷണ സംഘം ശേഖരിച്ചത്.
കുട്ടിക്ക് അനസ്തീഷ്യ നൽകിയ ഡോ. അഞ്ജലി പൊതുവാളിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മരിച്ച ദേവാൻഷ് ശൗര്യയുടെ ബന്ധുക്കളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച ചേരുന്ന മെഡിക്കൽ ബോർഡിന്റെ യോഗത്തിന് ശേഷം സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കേസിൽ പോലീസിന്റെ തുടർനടപടികൾ സ്വീകരിക്കുക.






