തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ 'മുറസു' ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റാണിത്. ഇന്ത്യ ആണ് പേര് നിർദ്ദേശിച്ചത്. 'വാർ ഡ്രം' എന്നാണ് മുറസുവിന്റെ അർത്ഥം.
നവംബർ രണ്ടിന് രാത്രി 11:30 മുതല്‍ നവംബർ മൂന്നിന് പുലർച്ചെ നാല് മണി വരെയുള്ള സമയത്ത് തെക്കൻ ആന്ധ്രാപ്രദേശ് തീരത്ത് നെല്ലൂരിനും നരസാപുരത്തിനും ഇടയില്‍ ശക്തമായ ചുഴലിക്കാറ്റായി മുറസു മാറുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
മണിക്കൂറില്‍ 100 -110 കിലോമീറ്റർ വേഗതയില്‍ പരമാവധി മണിക്കൂറില്‍ 120 കിലോമീറ്റർ വരെ വേഗതയിയിലും കരയില്‍ പ്രവേശിക്കാൻ സാദ്ധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
കേരളത്തില്‍ മുറസു ചുഴലിക്കാറ്റ് നേരിട്ട് സ്വാധീനിക്കുന്നില്ലെങ്കിലും അടുത്ത രണ്ടോ മൂന്നോ ദിവസം പലയിടങ്ങളിലായി ഇടിമിന്നലിനും ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. വടക്കൻ ജില്ലകളില്‍ കൂടുതലാണ് ഇവയ്ക്ക് കൂടുതല്‍ സാദ്ധ്യത.
ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചു ദുർബലമായതിനുശേഷം കേരളത്തില്‍ സ്വാഭാവിക ഇടിമിന്നല്‍, കാറ്റോട് കൂടിയ തുലാവർഷ മഴ എന്നിവ വീണ്ടും ലഭിച്ചു തുടങ്ങുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത - ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുമെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിർദേശിക്കുന്നു.
മഴ മുന്നറിയിപ്പ്
01/11/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
02/11/2026: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
03/11/2026: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
04/11/2026: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം
മുറസു ചുഴലിക്കാറ്റ്






