മൂത്രത്തിലെ ലവണങ്ങളും ധാതുക്കളും (കാല്‍സ്യം, ഓക്സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയവ) വൃക്കയില്‍ അടിഞ്ഞുകൂടി കട്ടിയായി രൂപപ്പെടുന്ന കഠിന തരികളാണ് വൃക്കക്കല്ലുകള്‍.
മണല്‍ത്തരിയുടെ വലിപ്പം മുതല്‍ വലിയ കല്ല് വരെയാകാം. വൃക്കയില്‍ ഒതുങ്ങി നില്ക്കുമ്പോള് ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. കല്ല് മൂത്രക്കുഴലിലേക്ക് ഇറങ്ങി മൂത്രത്തിന്റെ ഒഴുക്ക് തടസ്സപ്പെടുമ്പോഴാണ് കഠിനമായ വേദന തുടങ്ങുന്നത്. ഇന്ത്യയില്‍ ഏകദേശം 12% പേര്‍ക്ക് വൃക്കക്കല്ലിന് സാധ്യതയുണ്ട്. ഒരിക്കല്‍ കല്ലുണ്ടായവരില് അടുത്ത 5 വര്‍ഷത്തിനകം വീണ്ടും വരാനുള്ള സാധ്യത 30-50% വരെയാണ്.
രോഗ കാരണങ്ങള്‍
വെള്ളം കുറച്ചു കുടിക്കുന്നത്: മൂത്രം കട്ടിയാകുകയും ലവണങ്ങള്‍ അടിയുകയും ചെയ്യും
ചൂടും അമിത വിയര്‍പ്പും
ഉപ്പും മൃഗജന്യ പ്രോട്ടീനും കൂടുതലുള്ള ഭക്ഷണം
ഓക്സലേറ്റ് കൂടിയ ഭക്ഷണങ്ങള്‍
അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദം
കുടുംബത്തിലെ പാരമ്പര്യം
ആവര്‍ത്തിക്കുന്ന മൂത്രാണുബാധ
ലക്ഷണങ്ങള്‍
വശത്തോ അരക്കെട്ടിലോ കഠിനമായ വേദന; വയറിലേക്കും തുടയിടുക്കിലേക്കും പടരാം
മൂത്രത്തില്‍ രക്തം, ചുവപ്പ് നിറം
ഓക്കാനം, ഛര്‍ദ്ദി
മൂത്രമൊഴിക്കുമ്പോള്‍ നീറ്റല്‍
ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നല്‍
കല്ലുകള്‍ പല തരം
കാല്‍സ്യം ഓക്സലേറ്റ്
വളരെ സാധാരണയായി കണ്ടുവരുന്നു. ഓക്സലേറ്റ് കൂടിയ ഭക്ഷണവും വെള്ളം കുടിക്കുന്നത് കുറയുന്നതും കാരണമാകാം.
യൂറിക് ആസിഡ്
പ്രോട്ടീന്‍ കൂടുതലും നിര്‍ജ്ജലീകരണവും കാരണമാകാം.
സ്ട്രൂവൈറ്റ്
സാധാരണയായി മൂത്രത്തിലെ അണുബാധ മൂലം ഉണ്ടാകുന്നു.
സിസ്റ്റിന്
അപൂര്‍വമായി മാത്രം കാണുന്നു. പാരമ്പര്യം ഒരു കാരണമാണ്.
ചികിത്സാ രീതികള്‍
കല്ലിന്റെ വലിപ്പം അനുസരിച്ചാണ് ചികിത്സ തീരുമാനിക്കുന്നത്. വളരെ ചെറിയ കല്ലുകള്‍ക്ക് ധാരാളം വെള്ളം കുടിക്കുക എന്നതാണ് പ്രധാന പോംവഴി. എന്നാല്‍ കല്ല് വലുതാണെങ്കില്‍ വെള്ളം കുടിച്ചു മാത്രം പുറത്തു കളയാന്‍ കഴിയില്ല. അപ്പോള്‍ ESWL, RIRS, PCNL പോലുള്ള ചികിത്സകള്‍ വേണ്ടിവരും. കല്ലിന്റെ വലിപ്പം, സ്ഥാനം, എണ്ണം, കട്ടി, വൃക്കയുടെ ഘടന എന്നിവ നോക്കിയാണ് യൂറോളജിസ്റ്റ് ചികിത്സ തീരുമാനിക്കുന്നത്.
ചെറിയ കല്ല്
ഏകദേശം 5 മില്ലിമീറ്ററില്‍ താഴെ വലിപ്പമുള്ള കല്ലാണെങ്കില്‍ ധാരാളം വെള്ളം കുടിക്കുക. പലപ്പോഴും അവ തനിയെ മൂത്രത്തിലൂടെ പുറത്തു പോകും. വേദനയ്ക്കും കല്ല് ഇറങ്ങാനും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കഴിക്കുകയും ആവശ്യമെങ്കില്‍ സ്കാനിംഗ് ചെയ്യേണ്ടതുമാണ്. കല്ല് തടസ്സമോ അണുബാധയോ ഉണ്ടാക്കുന്നെങ്കില്‍ മറ്റു ചികിത്സ വേണം.
ഇടത്തരം കല്ല്
ഏകദേശം 6 മുതല്‍ 20 മില്ലിമീറ്റര്‍വരെ വലിപ്പമുള്ള കല്ലാണെങ്കില്‍ ESWL, ലേസര്‍ URS, RIRS എന്നീ ചികിത്സാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം. 10 മില്ലിമീറ്ററില്‍ താഴെ വലിപ്പം ഉള്ളവയ്ക്ക് ESWL അല്ലെങ്കില്‍ URS ചികിത്സയാണ് ചെയ്യാറുള്ളത്. 10 മുതല്‍ 20 വരെ RIRS (URS), ചിലപ്പോള്‍ ESWL അല്ലെങ്കില്‍ PCNL എന്നിവയില്‍ ഏതെങ്കിലും മാര്‍ഗ്ഗം സ്വീകരിക്കാം.
വലിയ കല്ല്
20 മില്ലിമീറ്ററിനുമുകളില്‍ വലിപ്പമുള്ള വൃക്കക്കല്ലിന്റെ ചികിത്സയ്ക്കായി PCNL ആണ് സാധാരണയായി ചെയ്യുന്നത്. ചിലപ്പോള്‍ RIRS അല്ലെങ്കില്‍ ESWL ഒന്നിലധികം തവണചെയ്യേണ്ടതായും വരാം.
ഉടന്‍ ആശുപത്രിയില്‍ പോകേണ്ട സാഹചര്യങ്ങള്‍
വേദനയോടൊപ്പം പനിയും വിറയലും ഉണ്ടെങ്കില്‍, മൂത്രം ഒട്ടും പോകുന്നില്ലെങ്കില്‍, നിര്‍ത്താതെ ഛര്‍ദ്ദി ഉണ്ടെങ്കില്‍, സഹിക്കാനാവാത്ത വേദനയുണ്ടെങ്കില്‍ കാത്തിരിക്കരുത്, ഉടന്‍ തന്നെ ആശുപത്രിയില്‍ പോകേണ്ടതാണ്. ഇത് അണുബാധയുടെയോ വൃക്കയില്‍ തടസ്സമുണ്ടാകുന്നതിന്റെയോ ലക്ഷണമാകാം.
കേരളത്തില്‍ ഇപ്പോള്‍ ലഭ്യമായ ചികിത്സകള്‍
1. ESWL: ശബ്ദതരംഗ ചികിത്സ
ശരീരത്തിനു പുറത്തുനിന്നുള്ള ഷോക്ക് വേവുകള് കല്ല് പൊടിക്കുന്നു. ESWL, മുറിവില്ലാതെ ചെറിയതും ഇടത്തരവുമായ കല്ലുകളുടെ ചികിത്സയ്ക്ക് അനുയോജ്യമാണ്. ഇത് ഒന്നിലധികം തവണ ചെയ്യേണ്ടതായി വരാം. പൊടി പുറത്തുപോകുമ്പോള്‍ വേദന ഉണ്ടാകാം.
2. URS + ലേസര്‍
മൂത്രനാളിയിലൂടെ സ്കോപ്പ് കടത്തി മൂത്രക്കുഴലില്‍ (യൂറിറ്റര്‍) കുടുങ്ങിയ കല്ല് ലേസര്‍ കൊണ്ട് പൊടിക്കുന്നു. മുറിവില്ലാത്ത ചികിത്സാ രീതിയാണിത്.
3. RIRS: വളയുന്ന സ്കോപ്പ് + ലേസര്‍
വളയുന്ന ഫ്ളെക്സിബിള്‍ സ്കോപ്പ് വൃക്കയ്ക്കുള്ളില്‍ എത്തിച്ച് കല്ല് ലേസര്‍ കൊണ്ട് പൊടിക്കുന്നു. മുറിവില്ല, ആശുപത്രി വാസം കുറവ്. ESWL വലിപ്പമേറിയ കല്ലുകള്‍ക്കും PCNL ചെറിയ കല്ലുകള്ക്കുമാണ് അനുയോജ്യം.
4. PCNL, മിനി-PCNL: കീഹോള്‍ ശസ്ത്രക്രിയ
പുറംഭാഗത്ത് ചെറിയ ദ്വാരമിട്ട് വൃക്കയിലെത്തി വലിപ്പമുള്ളതോ സങ്കീര്‍ണമോ ആയ കല്ല് നീക്കുന്നു. ജനറല്‍ അനസ്തേഷ്യ നല്‍കിയാണ് ഇത് ചെയ്യുന്നത്. രക്തസ്രാവം, അണുബാധ സാധ്യത താരതമ്യേന കൂടുതലാണ്. വിശ്രമകാലയളവും താരതമ്യേന കൂടുതലാണ് ഈ ചികിത്സാ രീതിയ്ക്ക്.
5. DJ സ്റ്റെന്റ്
മൂത്രക്കുഴലില്‍ വീക്കമോ തടസ്സമോ ഉള്ളപ്പോള്‍ അവ നീക്കുന്നതിനായി താല്‍ക്കാലിക കുഴല്‍ ഇടാം. തുറന്ന (ഓപ്പണ്‍) ശസ്ത്രക്രിയ ഇപ്പോള്‍ വളരെ അപൂര്‍വമായി മാത്രം വേണ്ടിവരൂ.






