മുണ്ടക്കയം: വിവാഹ വിരുന്നിന് ഓർഡർ ചെയ്ത ഭക്ഷണം വിതരണം ചെയ്യാതെ കാറ്ററിംഗ് കമ്പനി.
കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് കമ്പനിയുടെ പേരിലാണ് പരാതി.മുണ്ടക്കയത്തും കഞ്ഞിക്കുഴിയിലും നടന്ന വിവാഹച്ചടങ്ങിലാണ് സംഭവം.
മണ്ഡപത്തിൽ നിന്നും ചടങ്ങുകൾ കഴിഞ്ഞ് വധൂവരന്മാരും ബന്ധുക്കളും അടങ്ങുന്ന വിരുന്നുകാർ ഓഡിറ്റോറിയം എത്തിയപ്പോഴാണ് ഭക്ഷണമെത്തിയിട്ടില്ലെന്ന വിവരം അറിയുന്നത്.
വിവാഹ സൽക്കാരത്തിനായി 1.5 ലക്ഷം രൂപ മുൻകൂറായി ഉദയം കാറ്ററിംഗ് ഉടമകൾ കൈപ്പറ്റിയിരുന്നു. എന്നാൽ വിരുന്നിന്റെ സമയം കഴിഞ്ഞിട്ടും ഭക്ഷണം എത്തിക്കാൻ ഇവർ തയ്യാറായില്ല. തുടർന്ന് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കാറ്ററിംഗ് ഫോൺ എടുക്കാതെ മുങ്ങുകയായിരുന്നു.
വിശന്നുവലഞ്ഞെത്തിയ അതിഥികൾക്ക് മുന്നിൽ വീട്ടുകാർ പൂർണ്ണമായും കുടുങ്ങി. ഒടുവിൽ സമീപത്തെ ഹോട്ടലുകളിൽ നിന്ന് അടിയന്തരമായി ഓർഡർ ചെയ്ത് വരുത്തിയ ഭക്ഷണം നൽകുകയായിരുന്നു.
ഉദയം കാറ്ററിംഗ് നടത്തുന്ന ഇത്തരം തട്ടിപ്പുകൾ ഇതാദ്യമല്ലെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങൾ വലവിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ തുച്ഛമായ തുക നൽകി ചെറുപ്പക്കാരായ ഇൻഫ്ലുവൻസർമാരെക്കൊണ്ട് പ്രൊമോഷൻ വീഡിയോകൾ നിർമ്മിച്ചാണ് ഇവർ ഇരകളെ കണ്ടെത്തുന്നത്.
ഓഫറുകളിൽ വീഴുന്ന ഉപഭോക്താക്കളിൽ നിന്ന് 500 പേരുടെ ഓർഡർ ലഭിച്ചാൽ, ഇതിൽ 400 പേർക്കുള്ള ഭക്ഷണം പുറത്തുള്ള മറ്റു ചെറിയ കാറ്ററിംഗ് ഏജൻസികൾക്ക് ഉപകരാർ നൽകി ഒപ്പിച്ചു തീർക്കാറാണ് പതിവ്.
100 പേരുടെ ഭക്ഷണത്തിന്റെ കുറവ് ബോധപൂർവ്വം വരുത്തുകയും, ഒടുവിൽ വലിയ തുക അഡ്വാൻസ് വാങ്ങി ഇവന്റ് നടത്താതെ ആളുകളെ വഞ്ചിച്ചു മുങ്ങുകയുമാണ് ഇവരുടെ സ്ഥിരം രീതി. പിന്നീട് പിടിക്കപ്പെടുമ്പോൾ കാലുപിടിച്ച് കേസിൽ നിന്ന് ഊരിപ്പോകാനും ഇക്കൂട്ടർ മടിക്കാറില്ല.
കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തട്ടിപ്പിനിരയായ രണ്ട് കുടുംബങ്ങളുടെയും തീരുമാനം. പോലീസിൽ പരാതി നൽകി.






