മുംബൈ : പ്രതിഷേധത്തിനിടെ വനിതാ പ്രതിഷേധക്കാരിയുടെ നെഞ്ചില്‍ പിടിച്ച് സിവില്‍ വേഷത്തിലുള്ള പോലീസ് ഉദ്യോഗസ്ഥൻ. മുംബൈ ദാദറിലെ ശിവാജി പാർക്കില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.
സിവില്‍ വേഷത്തിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ പ്രതിഷേധക്കാർക്കിടയിലേക്ക് ഓടിയെത്തി ഒരു പുരുഷ പ്രതിഷേധക്കാരനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതായി വീഡിയോയിൽ കാണാം. ഇതിനിടെ ഒരു വനിതാ പ്രതിഷേധക്കാരി ഇടയില്‍ പെടുകയും ഉദ്യോഗസ്ഥൻ അവരുടെ നെഞ്ചിൽ പിടിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. പിന്നീട് ആ പെണ്‍കുട്ടിയെ വിടാതെ പിടിച്ചുകൊണ്ട് ഇയാള്‍ പ്രതിഷേധം നിയന്ത്രിക്കുന്നതും പെണ്‍കുട്ടി ഇയാളുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
എന്നാല്‍ മുംബൈ പോലീസ് ആരോപണങ്ങള്‍ തള്ളി രംഗത്തെത്തി. സംഭവത്തെ തെറ്റായി വ്യാഖ്യാനിച്ചിരിക്കുന്നു എന്നാണ് മുംബൈ പോലീസിന്റെ പ്രതികരണം. പുരുഷ പ്രതിഷേധക്കാരനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ മറ്റൊരു ദിശയിലേക്ക് നോക്കിക്കൊണ്ടിരിക്കുമ്പോള്‍ വനിത ഇടയില്‍ എത്തിയതെന്നും, ദുരുദ്ദേശം ഉണ്ടായിട്ടില്ലെന്നും പോലീസ് വിശദീകരിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ വീഡിയോ വിശദമായി പരിശോധിച്ചു.
അതേസമയം സംഭവത്തിന് പിന്നാലെ എൻസിപി (എസ്പി) നേതാവ് രോഹിത് പവാർ സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇതുവരെ ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.






