ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ ശക്തമായി ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചെന്നൈയിൽ ചേർന്ന യോഗത്തിലാണ് കേരളം പുതിയ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്.
പുതിയ ഡാം നിർമിക്കുന്നതിനുള്ള മുഴുവൻ ചെലവും കേരളം വഹിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. അണക്കെട്ട് എവിടെ നിർമിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള പൂർണ അധികാരം തമിഴ്നാടിന് നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ അണക്കെട്ടിൽനിന്നുള്ള വെള്ളം പൂർണമായും തമിഴ്നാടിന് നൽകാമെന്നും കേരളം ഉറപ്പുനൽകി. തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്ന നിലപാടിലാണ് നിർദേശങ്ങൾ മുന്നോട്ടുവെച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിലവിലെ മുല്ലപ്പെരിയാർ അണക്കെട്ടിന് പകരം പുതിയ ഡാം നിർമിക്കുന്നതിലൂടെ തമിഴ്നാടിന്റെ ജലാവകാശം സംരക്ഷിക്കുന്നതിനൊപ്പം കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും കേരളം വ്യക്തമാക്കി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും യോഗത്തിൽ പങ്കെടുത്തു.






