ചെന്നൈ: അസുഖ ബാധിതയായ വീല്‍ചെയറില്‍ കഴിയുന്ന 71കാരിയായ അമ്മയെ എക്സ്പ്രസ് ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ മകൻ അറസ്റ്റില്‍.
തിരുവള്ളൂർ ജില്ലയിലെ മനവൂർ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 44കാരനായ മകൻ എസ്. പാർഥസാരഥിയാണ് അമ്മ എസ്. പദ്മാവതിയെ കൊലപ്പെടുത്തിയത്.
ആദ്യഘട്ടത്തില്‍ ട്രെയിൻ തട്ടിയുള്ള അപകടമരണമെന്നാണ് റെയില്‍വേ പോലീസ് കരുതിയത്. എന്നാല്‍ സംഭവസ്ഥലത്ത് വീല്‍ചെയർ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ നിർണായകമായത്. അപകടസ്ഥലത്ത് വീല്‍ചെയർ ഉണ്ടാകുന്നത് അസാധാരണമാണെന്ന് സംശയം തോന്നിയ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥർ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. ദൃശ്യങ്ങളില്‍ പാർഥസാരഥി അമ്മയെ വീല്‍ചെയറോടെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുന്നത് വ്യക്തമായി കണ്ടെത്തി.
തുടർന്ന് അരക്കോണം ഗവണ്മെന്റ് റെയില്‍വേ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അവഡി ഹെവി വെഹിക്കിള്‍സ് ഫാക്ടറിയിലെ കരാർ ജീവനക്കാരനായ പാർഥസാരഥിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
പ്രതിക്ക് പ്രതിമാസം ഏകദേശം 12,000 രൂപയായിരുന്നു വരുമാനം. ന്യുറോഫൈബ്രോമാറ്റോസിസ് രോഗബാധിതയായിരുന്നു പദ്മാവതി. ശരീരത്തില്‍ മുഴകള്‍ രൂപപ്പെടുന്ന രോഗമാണിത്. അമ്മയെയും ഭിന്നശേഷിക്കാരനായ സഹോദരനെയും പരിചരിക്കേണ്ട ചുമതല തനിക്കായിരുന്നുവെന്നും സാമ്പത്തികവും കുടുംബപരവുമായ പ്രശ്നങ്ങള്‍ മൂലം ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്നും പാർഥസാരഥി പോലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം പദ്മാവതിക്ക് മൂന്ന് ആണ്‍മക്കളാണുണ്ടായിരുന്നത്. മൂത്ത മകൻ അവിവാഹിതനും അസുഖബാധിതനുമായതിനാല് അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. രണ്ടാമത്തെ മകൻ വിവാഹിതനായി പാടിക്ക് സമീപം വേറെയാണ് താമസം. ഇളയ മകനായ പാർഥസാരഥിയും വിവാഹിതനായിരുന്നു. രണ്ട് പെണ്‍മക്കളുണ്ടെങ്കിലും മദ്യപാനശീലം കാരണം ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പദ്മാവതിയുടെ ഭർത്താവ് മുൻ കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്നു. 2007ല്‍ അദ്ദേഹം മരിച്ചതിന് ശേഷം കുടുംബ പെൻഷനായി പ്രതിമാസം ഏകദേശം 15,000 രൂപ പദ്മാവതിക്ക് ലഭിച്ചിരുന്നു. മനവൂരിലെ സെല്‍വ വിനായകം സ്ട്രീറ്റിലെ വീട്ടില്‍ പദ്മാവതി മൂത്ത മകനും പാർഥസാരഥിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. അമ്മയ്ക്കും സഹോദരനും നിരന്തരം പരിചരണം ആവശ്യമായിരുന്നതിനാല്‍ പാർഥസാരഥിയായിരുന്നു ഇരുവരേയും നോക്കിയിരുന്നത്. കുറഞ്ഞ വരുമാനത്തിനൊപ്പം ഭാര്യയുമായും മക്കളുമായുമുള്ള കുടുംബപ്രശ്നങ്ങളും ഇയാള്‍ നേരിട്ടിരുന്നതായി റെയില്‍വേ പോലീസ് പറഞ്ഞു.
ഓഗസ്റ്റ് ആറിന് അസുഖബാധിതയായ പദ്മാവതിയെ തിരുവള്ളൂർ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ മൂത്രാശയ അണുബാധ കണ്ടെത്തി. ഇതോടെ ഓഗസ്റ്റ് 16 വരെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പദ്മാവതിയെ ഡിസ്ചാർജ് ചെയ്ത ശേഷം പാർഥസാരഥി വീട്ടിലേക്ക് കൊണ്ടുവന്നു.
ചൊവ്വാഴ്ച വൈകിട്ട് സംസാരിക്കാൻ പോലും കഴിയാത്തവിധം ഗുരുതരാവസ്ഥയിലായിരുന്ന അമ്മയെ വീല്‍ചെയറില്‍ ഇരുത്തി പാർഥസാരഥി മനവൂർ റെയില്‍വേ സ്റ്റേഷനിലെത്തി. യാത്രക്കാരുടെ സഹായത്തോടെ പ്ലാറ്റ്ഫോം നമ്പർ മൂന്നിലേക്ക് അമ്മയെ കൊണ്ടുപോയി. എക്സ്പ്രസ് ട്രെയിനുകള്‍ കടന്നുപോകുന്ന പ്ലാറ്റ്ഫോമായിരുന്നു ഇത്. ഇതിനിടെ പാർഥസാരഥി അമ്മയെ വീല്‍ചെയറില്‍ ഇരുത്തി പ്ലാറ്റ്ഫോം മൂന്നിലേക്ക് കൊണ്ടുപോകുന്നത് കണ്ട ചില യാത്രക്കാർക്ക് സംശയം തോന്നി. സാധാരണ സബർബൻ ട്രെയിൻ സർവീസുകള്‍ ഉപയോഗിക്കാത്ത പ്ലാറ്റ്ഫോമിലേക്കാണ് അമ്മയെ കൊണ്ടുപോയതെന്നതായിരുന്നു സംശയത്തിന് കാരണം. യാത്രക്കാർ ചോദിച്ചപ്പോള്‍ അമ്മയെ നാട്ടിലേക്ക് കൊണ്ടുപോകാനാണെന്നായിരുന്നു പാർഥസാരഥിയുടെ മറുപടി.
വൈകിട്ട് ഏഴ് മണിയോടെ യേലഗിരി എക്സ്പ്രസ് സ്റ്റേഷനിലേക്ക് അടുക്കുന്നതിനിടെ പാർഥസാരഥി അമ്മയെയും വീല്‍ചെയറിനെയും ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് ഇയാള്‍ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ട്രെയിൻ ഇടിച്ച് പദ്മാവതി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന മറ്റ് യാത്രക്കാരാരും സംഭവം നേരിട്ട് കണ്ടിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. റെയില്‍വേ പോലീസ് മൃതദേഹം വീണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അരക്കോണം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
പിന്നീട് പാളത്തില്‍ കിടന്നിരുന്ന വീല്‍ചെയർ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം അപകടമരണമല്ലെന്ന സംശയം ഉയർന്നത്. തുടർന്ന് ആർപിഎഫ് അരക്കോണം ഗവണ്മെന്റ് റെയില്‍വേ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇൻസ്പെക്ടർ കവിതയുടെ നേതൃത്വത്തിലുള്ള സംഘം സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് പാർഥസാരഥിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കൊലപാതകക്കുറ്റം ചുമത്തി കേസെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.






