ദില്ലി : കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ദില്ലിയില്‍ ഉന്നത നേതാക്കളെ കണ്ടു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി സോണിയാ ഗാന്ധിയുടെ വസതിയില്‍ വെച്ചായിരുന്നു നിർണായക കൂടിക്കാഴ്ച നടത്തിയത്.
സംസ്ഥാനത്തെ സംഘടനാ കാര്യങ്ങളും പുതിയ അധ്യക്ഷ നിയമനവും ഉടൻ പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഹൈക്കമാൻഡിനെ ധരിപ്പിച്ചു. എന്നാല്‍ കൂടിക്കാഴ്ചയില്‍ പേരുകള്‍ മുൻനിർത്തിയുള്ള ചർച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതെസമയം സന്ദർശന വേളയില്‍ നേതാക്കള്‍ക്ക് ഓണാശംസകള്‍ നേർന്ന രമേശ് ചെന്നിത്തല കേരളത്തനിമയുള്ള സമ്മാനങ്ങളും കൈമാറി. സോണിയാ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കേരള സാരിയും, രാഹുല്‍ ഗാന്ധിക്കും മല്ലികാർജുൻ ഖർഗെയ്ക്കും കസവ് മുണ്ടുകളുമാണ് അദ്ദേഹം സമ്മാനമായി നല്‍കിയത്. കൂടാതെ ഓപ്പറേഷൻ തൂഫാൻ പ്രചാരണ പരിപാടിയെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രത്യേകമായി അഭിനന്ദിച്ചു. പദ്ധതിയുടെ പ്രവർത്തന രീതികളെക്കുറിച്ചും ഘടനയെക്കുറിച്ചും നേതാക്കള്‍ ചോദിച്ചറിഞ്ഞു. വരും മാസങ്ങളില്‍ ഈ പരിപാടി കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും, ഒക്ടോബറില്‍ രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ചു കൊണ്ട് പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും രമേശ് ചെന്നിത്തല ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.






