.കോഴിക്കോട്: വോഡഫോണ്‍ കമ്പനിയുടെ മെയ്ന്റനൻസ് വെയർഹൗസില്‍ നിന്ന് ഒരു ലക്ഷത്തോളം രൂപ വിലവരുന്ന കോപ്പർ വയറുകള്‍ മോഷണം നടത്തിയ കേസില്‍ ജീവനക്കാരനടക്കം രണ്ടു യുവാക്കള്‍ പൊലീസിന്റെ പിടിയിലായി.
വാടകയ്ക്ക് താമസിക്കുന്ന തിരുവണ്ണൂർ നടയില്‍ ലേക്ക് വ്യൂ വീട്ടില്‍ അമർനാഥ് (24), ഒളവണ്ണ സ്വദേശി ജ്യോതിഷ് (21) എന്നിവരെയാണ് കോഴിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ അമർനാഥ് വോഡഫോണ്‍ കമ്പനിയില്‍ കരാർ അടിസ്ഥാനത്തില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ മാസമാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്.
മെയ്ന്റനൻസ് ആവശ്യങ്ങള്‍ക്കായി വെയർഹൗസില്‍ നിന്ന് സാധനങ്ങള്‍ വിവിധ സൈറ്റുകളിലേക്ക് എത്തിക്കുന്നതിനിടെ, അവിടെ സൂക്ഷിച്ചിരുന്ന താക്കോല്‍ കൈക്കലാക്കി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ നിർമിച്ചാണ് പ്രതി മോഷണം ആസൂത്രണം ചെയ്തത്. ടവർ നിർമാണത്തിന് ഉപയോഗിക്കുന്ന 50 എം.എമ്മിന്റെ 300 മീറ്റർ നീളമുള്ള കോപ്പർ വയറാണ് ഇവർ കവർന്നത്.
പിടിക്കപ്പെടാതിരിക്കാൻ റെയിൻകോട്ടും ഹെല്‍മറ്റും ധരിച്ച് സ്കൂട്ടറിലെത്തി മോഷണം നടത്തിയ ശേഷം, വഴിമധ്യേ റെയിൻകോട്ട് മാറ്റി പല വഴികളിലൂടെയാണ് ഇവർ മടങ്ങിയിരുന്നത്. രണ്ടു തവണയായി നടത്തിയ മോഷണത്തിലൂടെ ലഭിച്ച കോപ്പർ വയറുകള്‍ ആക്രിക്കടയില്‍ വിറ്റ് ഇരുവരും പണം വീതിച്ചെടുക്കുകയായിരുന്നു. ലഹരിമരുന്ന് ഉപയോഗത്തിനും ആഡംബര ജീവിതത്തിനുമായാണ് മോഷണമുതല്‍ വിറ്റുകിട്ടിയ പണം പ്രതികള്‍ ചെലവഴിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.






