തിരുവനന്തപുരം: ക്ഷേത്രത്തില്‍നിന്ന് ഓട്ടുപാത്രങ്ങളും നിലവിളക്കുകളും മോഷ്ടിച്ച കേസില്‍ പൂജാരി അറസ്റ്റില്‍. നാവായിക്കുളം കിഴക്കുംപുറം വലിയ കാരായിക്കോട് ഭഗവതി ക്ഷേത്രത്തില്‍ നടന്ന മോഷണത്തില്‍ പരിപ്പള്ളി മീനമ്പലം സ്വദേശി പ്രിൻസ് (27) ആണ് അറസ്റ്റിലായത്.
രണ്ടരലക്ഷം രൂപയോളം വിലവരുന്ന ക്ഷേത്രസാമഗ്രികളാണ് ഇയാള്‍ കവർന്നത്.
പിച്ചള നിലവിളക്കുകള്‍, തൂക്കുവിളക്കുകള്‍, ചെമ്പ് ഉരുളികള്‍, പറ, മണികള്‍, പാത്രങ്ങള്‍, കെടാവിളക്ക് തുടങ്ങിയവയാണ് മോഷണം പോയത്. ജൂണ്‍ ഒന്നിന് പൂജാരിയായി ചുമതലയേറ്റ പ്രിൻസ് പലതവണകളായാണ് സാധനങ്ങള്‍ കടത്തിയതെന്ന് പൊലിസ് പറഞ്ഞു. നാല് ദിവസത്തെ അവധിക്കിടെ പകരം മറ്റൊരു പൂജാരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ടത്.
തുടർന്ന് ക്ഷേത്രഭാരവാഹികള്‍ കല്ലമ്പലം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാള്‍ സമാനമായ രീതിയില്‍ മോഷണം നടത്തിയിട്ടുണ്ടോയെന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്.






