തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥി സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ച സംഭവത്തിൽ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി. പൊലീസ് നടപടിയില്‍ ഗുരുതരമായ വീഴ്ച ഉണ്ടായെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. കൂടാതെ ഒന്നില്‍ കൂടുതല്‍ പരാതി ഉണ്ടായിട്ടും വ്യത്യസ്ത എഫ്ഐആറുകള്‍ ഇടാനോ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താനോ പൊലീസ് തയ്യാറായില്ലെന്നുമാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നും പ്രതിഷേധമുണ്ടായപ്പോള്‍ മാത്രമാണ് മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തയ്യാറായതെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയില്‍ സമഗ്രമായ അന്വേഷണം വേണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ നീതി ഉറപ്പാക്കണമെന്നും പരാതിക്കാരായ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രിയെ നേരില്‍ കണ്ടാണ് പരാതി നല്‍കിയത്.
വിദ്യാര്‍ത്ഥികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് കേസുകളില്‍ കൂടി പ്രതി ഏബലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഏബല്‍ അഗസ്റ്റിന്. വയനാട് കാക്കവയല്‍ സ്വദേശിയും മെഡിക്കല്‍ കോളേജിലെ മൂന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയുമായ ഏബല്‍ കേസിലെ ഒന്നാം പ്രതിയാണ്.
സംഭവത്തില്‍ ഇരുപതിലേറെ വിദ്യാര്‍ത്ഥിനികള്‍ ഇരയായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഏബലിനെ മെഡിക്കല്‍ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പൊലീസ് കസ്റ്റഡിയിലെടുക്കുകയും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് സസ്പെന്ഷന്.






