എറണാകുളം : ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകള് വഴി അനധികൃതമായി സർവീസ് നടത്തിയ ഇരുചക്ര വാഹനങ്ങള്‍ മോട്ടോർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. കൊച്ചി കാക്കനാട് മേഖലയിലാണ് ബൈക്ക് ടാക്സികൾ പിടികൂടിയത്. പെർമിറ്റില്ലാതെ ഓണ്‍ലൈൻ ബുക്കിംഗ് ആപ്പുകള്‍ വഴി ബൈക്ക് ടാക്സി സർവീസ് നടത്തുന്നതായി ലഭിച്ച പരാതികളെ തുടർന്നായിരുന്നു കർശന പരിശോധന.
പരിശോധനയില്‍ അനധികൃതമായി സർവീസ് നടത്തിയ 36 ഇരുചക്രവാഹനങ്ങള്‍ പിടികൂടുകയും ഇവർക്കെതിരെ ആകെ 1.18 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. കളക്ടറേറ്റ് വളപ്പ്, ഇൻഫോപാർക്ക് പരിസരം, കൊച്ചി, കളമശ്ശേരി എന്നീ പ്രധാന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഊബർ, റാപിഡോ തുടങ്ങിയ സ്വകാര്യ ആപ്പുകള്‍ വഴി യാത്രക്കാരെന്ന വ്യാജേന വാഹനങ്ങള്‍ ബുക്ക് ചെയ്താണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. വിളിച്ചുവരുത്തിയതില്‍ ഭൂരിഭാഗവും സ്വകാര്യ ബൈക്കുകളും സ്കൂട്ടറുകളുമായിരുന്നു.
പരിശോധനയ്ക്ക് ശേഷമാണ് തങ്ങളെ വിളിച്ചുവരുത്തിയത് ഉദ്യോഗസ്ഥരാണെന്ന് ഡ്രൈവർമാർ തിരിച്ചറിഞ്ഞത്. എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക്കിന്റെ മേല്‍നോട്ടത്തിലായിരുന്നു ഈ പരിശോധനകള്‍ നടന്നത്.
ഇൻഷുറൻസും നികുതിയും അടയ്ക്കാത്തതും കാലാവധി കഴിഞ്ഞതുമായ നിരവധി ഇരുചക്ര വാഹനങ്ങള്‍ ടാക്സിയായി ഉപയോഗിക്കുന്നതായി പരിശോധനയില്‍ വ്യക്തമായി. ഐടി മേഖലയിലെ നിരവധി ജീവനക്കാർ ബൈക്ക് ടാക്സികളെ ആശ്രയിക്കുന്നതിനാല്‍, പെർമിറ്റില്ലാത്ത വാഹനങ്ങളിലെ യാത്ര അപകടകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.






