കോട്ടയം : ജില്ലയിൽ താറാവ് കർഷകർ പ്രതിസന്ധിയിൽ. അട വയ്ക്കാനുള്ള മുട്ടകൾ കിട്ടാനില്ലാതായതോടെ താറാവ് കർഷകർ കടുത്ത പ്രതിസന്ധിയിലായത്. ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ ഉൾപ്പടെ നിരവധി താറാവ് കർഷകരാണുള്ളത്. ചങ്ങനാശേരി, കുമരകം, ആർപ്പൂക്കര, അയ്മനം, കല്ലറ, വൈക്കം, തലയാഴം മേഖലകളിൽ ചെറുതും വലുതുമായ നിരവധി താറാവ് കർഷകരുണ്ട്.
മുൻകാലങ്ങളെ അപേക്ഷിച്ച് അട വച്ചു താറാവിൻ കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്ന മുട്ടകൾ ഇപ്പോൾ വിപണിയിൽ കിട്ടാനില്ലാത്ത സാഹചര്യമാണ്. കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ നാടൻ താറാവുകളെ തമിഴ്നാട്ടിൽ എത്തിച്ചു വളർത്തിയാണ് അട മുട്ട ശേഖരിച്ചിരുന്നത്. കുറഞ്ഞ ചെലവിൽ തീറ്റ ലഭിക്കുന്നതാണ് ഇതിന് കാരണം. ഇത്തരത്തിൽ ലഭിക്കുന്ന മുട്ടകളാണ് ഇവിടെ എത്തിച്ച് വിരിയിച്ചിരുന്നത്.
കഴിഞ്ഞ വർഷം 10 രൂപയ്ക്കു ലഭിച്ചിരുന്ന അടമുട്ടയുടെ വില ഈ സീസണിൽ 18 മുതൽ 20 രൂപ വരെയാണ്. മിക്കപ്പോഴും താറാവുമുട്ടയുടെ വിപണിവിലയെക്കാൾ അധികമായിരിക്കും അട വയ്ക്കുന്ന മുട്ടയുടെ വില. സാധാരണ താറാവിൻ മുട്ടയ്ക്ക് രണ്ടുമാസം മുമ്പു വരെ 11 രൂപയായിരുന്ന വില വർധിച്ചു 15 രൂപയാണിപ്പോൾ. വില വർധനയ്ക്കൊപ്പം മുട്ടയുടെ തൂക്കത്തിലും കുറവ് വന്നിട്ടുണ്ട്.






