തിരുവനന്തപുരം: ജെൻസികളെ പാറ്റകളെന്ന് വിളിക്കരുതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മല്‍.
സിജെപി സമരത്തെ താൻ ആക്ഷേപിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചില വിദേശ ശക്തികള്‍ ജെൻസികളെ ബോധപൂർവം വഴിതെറ്റിക്കാൻ ശ്രമിക്കുന്നുണ്ട്. അവരെ മയക്കുമരുന്നിന് അടിമകളാക്കി നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വിസി കുറ്റപ്പെടുത്തി. ഇതിനെ ചെറുത്തില്ലെങ്കില്‍ താൻ എങ്ങനെ ഒരു വിസിയാകുമെന്നും അദ്ദേഹം ചോദിച്ചു.
വിദേശത്ത് നിന്ന് എതിർശബ്ദം ഉയർന്നത് യാദൃശ്ചികമായി കാണാനാകില്ല. കുട്ടികളോട് പാറ്റയാണോ എന്ന് ചോദിച്ചത് ചോദ്യം മനസിലാകാത്തത് കൊണ്ടാണ് അവർ നിശബ്ദരായിരുന്നത്. മുതിർന്ന കുട്ടികളായിരുന്നെങ്കില്‍ പ്രതികരിച്ചേനെ. ചടങ്ങ് കഴിഞ്ഞ് അങ്കിള്‍ പറഞ്ഞത് മനസിലായില്ലെന്ന് കുട്ടികള്‍ തന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമ്മയെ അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത് എന്ന പരാമർശത്തില്‍ തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ഭൂമിയെ വണങ്ങുന്ന കാര്യമാണ് താൻ ഉദ്ദേശിച്ചത്. തനിക്ക് സംഘി മുദ്ര ചാർത്തുന്നത് ചില ലക്ഷ്യങ്ങളോടെയാണ്. രാജ്യം ഭരിക്കുന്നത് തന്നെ ആർഎസ്എസ് ആശയങ്ങളില്‍ വിശ്വസിക്കുന്നവരാണ്. അവർക്ക് തന്റെ സഹായം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.






