കോട്ടയം: കോട്ടയം ജില്ലയിലെ ബാറുകളുടെ പ്രവർത്തന സമയത്തെച്ചൊല്ലി രൂക്ഷവിമർശനവുമായി എക്സൈസ് മന്ത്രി എം. ലിജു. വിമുക്തി പദ്ധതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
മറ്റ് ജില്ലകളിലെ സമയക്രമം കോട്ടയത്ത് പാലിക്കപ്പെടുന്നില്ലെന്നും, രാവിലെ 7 മുതല്‍ തന്നെ പലയിടത്തും ബാറുകള്‍ തുറന്നു പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻ എക്സൈസ് മന്ത്രി നല്ല വ്യക്തിയാണെന്നും, പാലക്കാട്ടുകാരനായ അദ്ദേഹമല്ല ഈ പ്രത്യേക ആനുകൂല്യം അനുവദിച്ചതെന്നും വ്യക്തമാക്കിയ ലിജു, കോട്ടയം ജില്ലയില്‍ മാത്രം ഈ സവിശേഷ സാഹചര്യം തുടരേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു.
ഇതിനുപുറമെ പത്തനംതിട്ട ജില്ലയില്‍ വ്യാപകമാകുന്ന കള്ളവാറ്റ് തടയാൻ ശക്തമായ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നല്കി.
പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഷാപ്പുകളുടെ വ്യക്തമായ പട്ടിക ലഭ്യമായിട്ടില്ലാത്ത സാഹചര്യത്തില്‍, സ്വയംപര്യാപ്തമായതും അല്ലാത്തതുമായ ഷാപ്പുകളുടെ വേർതിരിച്ചുള്ള പട്ടിക അടിയന്തരമായി തയാറാക്കി സമർപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.






