കറുകച്ചാല്‍: കറുകച്ചാൽ 500 രൂപ കള്ള നോട്ട് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. കേസിൽ അന്തർ സംസ്ഥാന ബന്ധങ്ങൾ സംശയിക്കപ്പെടുന്നുണ്ട്. വിപുലമായ കണ്ണികൾ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതായി സൂചനയുണ്ട്. ഇങ്ങനയുള്ള സാഹചര്യത്തിൽ തിരക്ക് പിടിച്ച ദൈനം ദിന കേസുകൾക്കിടയിൽ ലോക്കൽ പോലീസിന് വിശാലമായ അന്വേഷണത്തിന് സമയം കിട്ടില്ല.
അതു കൊണ്ടാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. ഇന്നോ നാളെയോ ഇതു സംബന്ധിച്ച നടപടികൾ നീങ്ങിയേക്കും.
ഇപ്പോൾ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലാണ് കേസ്. 4 പേരുടെ കൈമറിഞ്ഞാണ് നോട്ട് പുറത്തു വന്നത്. ഈ നാല് പേരും അറസ്റ്റിലായി. ഇനി അറിയേണ്ടത് നോട്ട് ഇവർക്ക് നൽകിയത് ആര്? എവിടെ ? ഏതു പ്രസിൽ അച്ചടിച്ചു. ആരൊക്കെ ഇതിൽ പങ്കാളികളായി. നോട്ട് അച്ചടിക്കാനുള്ള മഷി, കടലാസ് എവിടെ നിന്ന് വാങ്ങി. എത്ര നോട്ട് അച്ചടിച്ചു വിടെയൊക്കെ വിതരണം ചെയ്തു. തുടങ്ങിയ കാര്യങ്ങളാണ് ഇനി പുറത്തുവരാനുള്ളത്.
മല്ലപ്പള്ളി ആനിക്കാട് സ്വദേശി അലക്സ് തോമസ് (23),കറുകച്ചാല്‍ എൻഎസ്എസ് എസ്റ്റേറ്റിന് സമീപം താമസിക്കുന്ന മുതുമരത്തിൽ വീട്ടിൽ മെല്‍ബർട്ട് മാത്യു(25), മല്ലപ്പള്ളി ആനിക്കാട് രണ്ടുപറയില്‍ ആല്ബിൻ തോമസ് (25), ചിറക്കടവ് കോയിപ്പള്ളി ലക്ഷംവീട് കോളനിയില്‍ പുതിയ പറമ്പിൽ വീട്ടിൽ ബിബിൻ ബേബി (36) എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ പക്കൽ നിന്ന് 500 രൂപയുടെ 135 കളളനോട്ടുകൾ കണ്ടെടുത്തു.
വെള്ളിയാഴ്ച (ജൂലൈ 24) കറുകച്ചാല്‍ ബിവറേജ് ഷോപ്പില്‍ മദ്യം വാങ്ങാനെത്തിയ യുവാവ് നല്കിയ 500 രൂപ കള്ളനോട്ടാണെന്നു മനസിലാക്കി ബെവ് കോ ജീവനക്കാർ അറിയിച്ചതനുസരിച്ച് പോലീസെത്തി ഇയാളെ പിടികൂടി നടത്തിയ തുടരന്വേഷണത്തിലാണ് മറ്റ് പ്രതികളെ കണ്ടെത്തിയത്. കറുകച്ചാൽ എസ്ഐ ടി.എസ്.ജയകൃഷ്ണനാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.






