കോട്ടയം: മിഷൻ സമുദ്രയുടെ ലക്ഷ്യങ്ങൾക്ക് കരുത്തേകി കോട്ടയം ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയുടെ (ഐസിഡി) വികസനത്തിൽ നിർണായക ചുവടുവെയ്പ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വഴി കോട്ടയം പോർട്ടിലേക്ക് ആദ്യത്തെ പ്രധാന ഇറക്കുമതി ചരക്കുനീക്കത്തിന് തുടക്കമാകുന്നു. എംആർഎഫിനായി ആഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 1,500 മെട്രിക് ടൺ സ്വാഭാവിക റബ്ബറാണ് 60 കണ്ടെയ്നറുകളിലായി കോട്ടയം ഐസിഡിയിൽ എത്തിക്കുന്നത്.
മൂന്ന് ബിൽ ഓഫ് ലേഡിങ്ങുകളിലായി 20 കണ്ടെയ്നറുകൾ വീതമാണ് ചരക്കുനീക്കം ക്രമീകരിച്ചിരിക്കുന്നത്. പുതിയ സംവിധാനം വഴി ചരക്കുഗതാഗത സമയവും പ്രവർത്തനച്ചെലവും കുറയ്ക്കുന്നതിനൊപ്പം ലോജിസ്റ്റിക്സ് പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും സാധിക്കും.
നിലവിൽ മുംബൈ വഴി ട്രാൻസ്ഷിപ്മെന്റ് നടത്തിയാണ് ഇത്തരം ചരക്കുകൾ എത്തിക്കുന്നത്. ഇതിന് ഏകദേശം ഒരു മാസം വരെ സമയമെടുക്കാറുണ്ട്. ഈ കാലതാമസം ഒഴിവാക്കുന്നതിനായി എംആർഎഫ് ചരക്കിന്റെ പോർട്ട് ഓഫ് ഡെസ്റ്റിനേഷനായി വിഴിഞ്ഞം തുറമുഖത്തെ തിരഞ്ഞെടുത്തു. വിഴിഞ്ഞത്തുനിന്ന് കണ്ടെയ്നറുകൾ നേരിട്ട് കോട്ടയം ഐസിഡിയിലെത്തിച്ചായിരിക്കും തുടർനടപടികൾ പൂർത്തിയാക്കുക.
കോട്ടയം ഐസിഡിയിൽ എത്തിക്കുന്ന കണ്ടെയ്നറുകൾ കസ്റ്റംസ് പരിശോധനയ്ക്കും നിർബന്ധിത ക്ലിയറൻസ് നടപടികൾക്കും വിധേയമാക്കും. കസ്റ്റംസിന്റെ ഔട്ട് ഓഫ് ചാർജ് അനുമതി ലഭിച്ചശേഷം അതേ ട്രക്കുകളിൽ തന്നെ ചരക്കുകൾ കൊച്ചിയിലെ എംആർഎഫിന്റെ കേന്ദ്രീകൃത വെയർഹൗസിലേക്ക് കൊണ്ടുപോകും. ഇതുവഴി ഉൽപ്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ വേഗത്തിൽ ലഭ്യമാക്കാനും ഫാക്ടറികളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.
ഇറക്കുമതി ചരക്കുകൾ ഇറക്കിയശേഷം ലഭിക്കുന്ന ഒഴിഞ്ഞ കണ്ടെയ്നറുകൾ കയറ്റുമതി ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാകുമെന്നതാണ് പുതിയ സംവിധാനത്തിന്റെ മറ്റൊരു പ്രധാന നേട്ടം. എംആർഎഫിനായി ആവശ്യമായ വെയർഹൗസ് സൗകര്യം ഒരുക്കിയശേഷം ഒഴിഞ്ഞ കണ്ടെയ്നറുകൾ കോട്ടയം ഐസിഡിയിലെ കണ്ടെയ്നർ യാർഡിൽ സൂക്ഷിച്ച് കയറ്റുമതിക്കാർക്ക് ലഭ്യമാക്കും.
നിലവിൽ കയറ്റുമതിക്കാർ കൊച്ചിയിൽനിന്ന് ഒഴിഞ്ഞ കണ്ടെയ്നറുകൾ കോട്ടയത്തെത്തിച്ചാണ് ചരക്കുകൾ നിറയ്ക്കുന്നത്. ഇറക്കുമതിയിലൂടെ ലഭിക്കുന്ന കണ്ടെയ്നറുകൾ തന്നെ കയറ്റുമതിക്ക് ഉപയോഗിക്കുന്നതിലൂടെ അധിക ഗതാഗതച്ചെലവും സമയനഷ്ടവും ഒഴിവാക്കാനാകും. ഇറക്കുമതിയും കയറ്റുമതിയും പരസ്പരം ബന്ധിപ്പിക്കുന്ന ഈ സംവിധാനം വ്യാപാരികൾക്കും ലോജിസ്റ്റിക്സ് സേവനദാതാക്കൾക്കും ഒരുപോലെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ദീർഘവീക്ഷണത്തിലും വിഭാവനം ചെയ്ത മിഷൻ സമുദ്രയുടെ ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്ന സംരംഭമാണിത്. സംസ്ഥാനത്തിന്റെ സമുദ്രവ്യാപാര-ചരക്കുഗതാഗത സാധ്യതകൾ വർധിപ്പിക്കുന്നതിനും കോട്ടയം ഐസിഡിയെ പ്രധാന ചരക്കുനീക്ക കേന്ദ്രമായി വികസിപ്പിക്കുന്നതിനും പദ്ധതി സഹായകമാകും.
തുറമുഖ വകുപ്പ് സെക്രട്ടറി രത്തൻ യു. കേൽക്കർ ഐഎഎസിന്റെയും കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ലിമിറ്റഡ് (വിഐഎസ്എൽ) മാനേജിംഗ് ഡയറക്ടറുമായ ജെറോമിക് ജോർജ് ഐഎഎസിന്റെയും നേതൃത്വത്തിൽ കോട്ടയം ഐസിഡിയുടെ അടിസ്ഥാനസൗകര്യങ്ങളും പ്രവർത്തനശേഷിയും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കോട്ടയം പോർട്ട് ഇറക്കുമതിക്കാർക്കും കയറ്റുമതിക്കാർക്കും സുഗമമായ ചരക്കുനീക്കത്തിനുള്ള മികച്ച പ്രവർത്തനകേന്ദ്രമാണെന്ന് ജനറൽ മാനേജർ രൂപേഷ് ബാബു പറഞ്ഞു. കൂടുതൽ ഇറക്കുമതി-കയറ്റുമതി സംരംഭങ്ങളെ കോട്ടയം ഐസിഡിയിലേക്ക് ആകർഷിക്കുന്നതിലൂടെ കേരളത്തിലെ വ്യാപാര-ചരക്കുഗതാഗത മേഖലയിൽ പുതിയ സാധ്യതകൾ തുറക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോട്ടയം പോർട്ടിലെ സേവനങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 9497717984.






