കോട്ടയം : മാർക്ക് ലിസ്റ്റിന്റെ കൗണ്ടർ ഫോയിൽ ഉൾപ്പെടെ രഹസ്യസ്വഭാവമുള്ള രേഖകൾ എടുത്തുകൊണ്ടുപോയ എം.ജി. സർവ്വകലാശാല വിസിക്ക് എതിരെ ഗവർണർക്കും ഉന്നത വിദ്യാഭ്യാസമന്ത്രിക്കും പരാതി നൽകി സെനറ്റ് അംഗങ്ങൾ. കെപിസിടിഎ ഭാരവാഹികളും സെനറ്റ് അംഗങ്ങളുമായ ഡോ. സജിത് ബാബു, ഡോ. ഷിജോ കെ ചെറിയാൻ, ഡോ. സിറിയക് ജോസ് എന്നിവരാണ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസം പരീക്ഷാഭവനിൽ വിസി പ്രഫ.ഡോ. ഡി മാവൂത് മിന്നൽ പരിശോധന നടത്തുകയും മാർക്ക് ലിസ്റ്റുകളുടെ കൗണ്ടർ ഫോയിലുകൾ ഉൾപ്പെടെ രഹസ്യസ്വഭാവമുള്ള രേഖകൾ എടുത്തുകൊണ്ടു പോവുകയും ചെയ്തു. മുൻകൂർ അറിയിപ്പ് ഇല്ലാതെയും പരീക്ഷാ കൺട്രോളറെ അറിയിക്കാതെയുമാണ് വിസി പരീക്ഷാ ഭവനിൽ പരിശോധന നടത്തിയത്. ഉദ്യോഗസ്ഥർക്ക് പോലും പ്രവേശന നിയന്ത്രണമുള്ള സെക്ഷനുകളിൽ നിന്ന് രഹസ്യസ്വഭാവമുള്ള രേഖകൾ എടുത്തുകൊണ്ടു പോകുമ്പോൾ പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങൾ പോലും പാലിച്ചിട്ടില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു.
സർവകലാശാലയുടെ സുപ്രധാന വിഭാഗമായ പരീക്ഷാഭവനിൽ നടന്ന ഈ മിന്നൽ പരിശോധന സർവകലാശാല നിയമവും ചട്ടവും അനുസരിച്ചാണോയെന്നും പരീക്ഷ മാന്വൽ അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിച്ചാണോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്.
പരീക്ഷാ നടത്തിപ്പിന്റെ രഹസ്യസ്വഭാവത്തെ ബാധിക്കുന്ന തരത്തിൽ നടപടിക്രമങ്ങൾ പാലിക്കാതെ വിസി പരിശോധനകൾ നടത്തിയിട്ടുണ്ടെങ്കിൽ അത് സർവകലാശാല ചട്ടങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെപിസിടിഎ മേഖലാ കമ്മിറ്റി ആരോപിച്ചു. സംഘപരിവാർ രാഷ്ട്രീയം ഉപയോഗിച്ചുകൊണ്ട് സർവകലാശാല നിയമങ്ങളെ കാറ്റിൽപ്പറത്താനുള്ള വിസിയുടെ ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഒപ്പം നിയമപരമായും നേരിടുമെന്നും കെപിസിടിഎ എം.ജി. മേഖല യോഗം പറഞ്ഞു.
സംസ്ഥാന സെക്രട്ടറിമാരായ ഡോ.കെ. സിന്ധു, ഡോ. കെ.പി. സുനി, അംഗം ഡോ. പ്രവീൺ സാകല്യ, മേഖല സെക്രട്ടറി ഡോ.എസ്.സെൽവൻ, കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഡോ. സിറിയക് ജോസ്, സെക്രട്ടറി. ഡോ. പി.ആർ. ജയകൃഷ്ണൻ, പത്തനംതിട്ട ജില്ലാ സെക്രട്ടറി ജോസഫ് കുരുവിള, എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ. ടി.ജി. അബി, സെക്രട്ടറി ഡോ. രതീഷ് സി. നായർ, മീഡിയാസെൽ കൺവീനർ ഡോ. നിബുലാൽ വെട്ടൂർ, കോഓർഡിനേറ്റർ ഡോ. ജിൽസ് എം. ജോർജ് എന്നിവർ പ്രസംഗിച്ചു.





