ആലപ്പുഴ: കരുവാറ്റയില്‍ 67-കാരനെ അടുത്ത ബന്ധുവായ എട്ടാം ക്ലാസുകാരിയും മൂന്ന് കൗമാരക്കാരായ ആണ്‍സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.
വീട്ടില്‍നിന്ന് കാണാതായ എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് കൃത്യമായി ഉറപ്പിച്ചിട്ടും, കൃത്യത്തില്‍ പങ്കാളികളായ കൗമാരക്കാര്‍ പിടിയിലാകുന്നതുവരെ തികഞ്ഞ ജാഗ്രതയോടെയാണ് പോലീസ് കാത്തിരുന്നത്.
ആഭ്യന്തരമന്ത്രിയുടെ നാട്ടില്‍ നടക്കുന്ന അന്വേഷണമായതിനാല്‍ പോലീസിന് ചെറിയൊരു കൈപ്പിഴ ഉണ്ടായാല്‍പ്പോലും വലിയ പ്രത്യാഘാതമുണ്ടാകുമെന്ന കടുത്ത സമ്മര്‍ദ്ദം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്നു.
അതിനാല്‍ത്തന്നെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ കുട്ടിയുടെ നീക്കങ്ങള്‍ അതിരഹസ്യമായി നിരീക്ഷിക്കുകയും, സംശയം തോന്നാത്ത രീതിയില്‍ വിവരങ്ങള്‍ ചോദിച്ചറിയുകയുമായിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. താന്‍ ശനിയാഴ്ച രാവിലെ വീട്ടില്‍നിന്ന് പിണങ്ങി പുറത്തുപോയെന്നും, അടുത്ത ദിവസം രണ്ടുതവണ തിരിച്ചെത്തി മുത്തച്ഛനെ അന്വേഷിച്ചെന്നും, പിന്നീട് കൂട്ടുകാരന്റെ വീട്ടിലാണ് താമസിച്ചതെന്നുമാണ് പെണ്‍കുട്ടി ആദ്യം പോലീസിന് മൊഴി നല്‍കിയത്.
ഇതിനുശേഷം കുടുംബത്തോടൊപ്പം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തിന് പ്രവേശിപ്പിച്ച ബന്ധുവിന് കൂട്ടിരിക്കാന്‍ പോയ പെണ്‍കുട്ടിയെ, അവിടെയെത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഫോണ്‍ കോളുകളും കൂട്ടുകാരികളില്‍ നിന്നുള്ള വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കൊല്ലത്തുള്ള ആണ്‍സുഹൃത്തുക്കളെക്കുറിച്ച് നിര്‍ണായക സൂചനകള്‍ ലഭിക്കുകയും പോലീസ് പരവൂരിലെത്തി ഇവരെ തിരിച്ചറിയുകയുമായിരുന്നു.
പിടിയിലാകുന്ന സാഹചര്യമുണ്ടായാല്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതികള്‍ മുന്‍കൂട്ടി കൃത്യമായ ഒരു 'പ്ലാന്‍ ബി' തിരക്കഥ തയ്യാറാക്കിയിരുന്നു. പെണ്‍കുട്ടിക്ക് വയറ്റില്‍ മുഴയുണ്ടെന്നും ഇതിന്റെ ശസ്ത്രക്രിയയ്ക്ക് മരുന്ന് നല്‍കാനും പണം നല്‍കാനുമാണ് തങ്ങള്‍ ഹരിപ്പാട്ടെത്തിയതെന്ന് പറയണമെന്നാണ് ഇവര്‍ പരസ്പരം തീരുമാനിച്ചിരുന്നത്.
ഹരിപ്പാട് പോലീസ് പ്രത്യേക അന്വേഷണ സംഘം മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്നാണ് മൂന്ന് ആണ്‍കുട്ടികളെയും ഒരേസമയം കസ്റ്റഡിയിലെടുത്തത്.
പരസ്പരം ബന്ധപ്പെടാന്‍ സമയം ലഭിക്കാതിരുന്നിട്ടും മൂവരും പോലീസിന് മുന്നില്‍ ഒരേ കഥ ആവര്‍ത്തിച്ചെങ്കിലും, പെണ്‍കുട്ടിയുടെ മൊബൈലിലെ വാട്സ്ആപ്പ് ചാറ്റുകളും ഫോണ്‍ സംഭാഷണങ്ങളും ഓഡിയോ സന്ദേശങ്ങളും നിരത്തി ചോദ്യം ചെയ്തതോടെ ഇവരുടെ പദ്ധതി തകരുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു.
പ്ലസ് ടു കാരനായ ഒന്നാം പ്രതിയെ പോലീസ് സമീപിച്ചത് പെണ്‍കുട്ടി കുറ്റസമ്മതം നടത്തിയെന്ന് പറഞ്ഞാണ്. ഇയാള്‍ വീട്ടുകാരുടെ സാന്നിധ്യത്തില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
ഇതിന് ശേഷമാണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍വച്ച് പെണ്‍കുട്ടിയെ മാറ്റിനിര്‍ത്തി വനിതാ പോലീസ് ഉദ്യോഗസ്ഥ വിശദമായി ചോദ്യം ചെയ്തതും കുറ്റകൃത്യത്തിലെ പങ്കാളിത്തം പെണ്‍കുട്ടി ഏറ്റുപറഞ്ഞതും.
ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ മോഷണം ആസൂത്രണം ചെയ്തതും ബന്ധുവിനെ കൊലപ്പെടുത്തണമെന്ന് ആണ്‍സുഹൃത്തിന് കര്‍ശന നിര്‍ദേശം നല്കിയതും താനാണെന്ന് പെണ്‍കുട്ടി സമ്മതിച്ചു. കൂടാതെ, താന്‍ ഉന്നയിച്ച ബാഡ് ടച്ച് ആരോപണത്തിന്റെ പശ്ചാത്തലത്തിലും,
പിതാവും കൊല്ലപ്പെട്ടയാളും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് വരുത്തിതീര്‍ത്തും കൊലപാതകത്തിന്റെ ഉത്തരവാദിത്തം സ്വന്തം പിതാവിലേക്ക് വഴിതിരിച്ചുവിടാനും പെണ്‍കുട്ടി ശ്രമിച്ചിരുന്നു.






