തിരുവനന്തപുരം: കാണാതായ യുവാവിനെ പാറമടയിലെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോവളം നെടുമം വട്ടവിള വീട്ടില്‍ ലാല്‍ കൃഷ്ണ (36) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാതാപിതാക്കളുടെ മരണത്തിന് ശേഷം ഒറ്റപ്പെട്ട് കഴിഞ്ഞ ലാല്‍ കൃഷ്ണ കുന്നുംപാറ മഠത്തില്‍ എത്തുകയും അവിടെ സ്ഥിരമായി തങ്ങുകയുമായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ലാല്‍ കൃഷ്ണയെ കാണാതായത്.
മൊബൈല്‍ ഫോണും മറ്റു വസ്തുക്കളും മുറിയില്‍ കണ്ടെത്തിയെങ്കിലും ആളെ കാണാതായതോടെ ബന്ധുക്കളും ക്ഷേത്രം ഭാരവാഹികളും ചേർന്ന് കോവളം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെ ഇന്ന് രാവിലെ 7.30 ഓടെ കുന്നുംപാറ പാറമടയിലെ ജലാശയത്തില്‍ ലാല്‍ കൃഷ്ണയെ മരിച്ച നിലയില്‍ കണ്ടെത്തി.
വിഴിഞ്ഞത്തു നിന്നും ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് മൃതദേഹം കരയിലേക്ക് മാറ്റിയത്. ചെരുപ്പ് പാറപ്പുറത്ത് വച്ച നിലയിലായിരുന്നതിനാല്‍ ചാടിയതാവാൻ സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലെ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് പറയുന്നു. അതേസമയം യുവാവിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.






