കോട്ടയം. നാലു വർഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലെ അപാകതകൾ പരിഹരിക്കുന്നതിനും വ്യവസായ സൗഹൃദവും തൊഴിലധിഷ്ഠിതവും നൈപുണ്യ വികസനവും ഉറപ്പുവരുത്തുന്ന സിലബസ് തയ്യാറാക്കുന്നതിനും എം.ജി.സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു.
ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെ ശുപാർശ പ്രകാരം രണ്ടു വർഷ പി. ജി പ്രോഗ്രാമുകളുടെ സിലബസ് പരിഷ്കരിക്കുന്നതിനും ഒരു വർഷ പി. ജി പ്രോഗ്രാമുകൾ ആരംഭിക്കുമ്പതിനു മുള്ള നടപടികൾ ആരംഭിച്ചു.
മുൻ സിൻഡിക്കേറ്റിൻ്റെ കാലത്ത് യു.ജി.സി. ചട്ടങ്ങൾക്കു വിരുദ്ധമായി അനുവദിച്ച ഗവേഷണ കേന്ദ്രങ്ങളിൽ പുന: പരിശോധന നടത്തുന്നതിനും ഗവേഷണ കേന്ദ്രങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും തീരുമാനിച്ചു.
സർവ്വകലാശാല ഡിപ്പാർട്ട്മെൻ്റുകളിലെ വിദ്യാർത്ഥികൾക്കായി ഹോപ് ഫണ്ട് ( Hope Fund ) എന്ന പേരിൽ ജീവകാരുണ്യസഹായ നിധിക്കു എം ജി സർവകലാശാല സിൻഡിക്കേറ്റ് അംഗീകാരം നൽകി. ദുരന്തങ്ങളിലോ അപകടങ്ങളിലോ സഹായമാവശ്യമുള്ള വിദ്യാർത്ഥികൾക്കാണ് ഈ ഫണ്ട് വിനിയോഗിക്കുന്നതെന്ന് സിൻഡിക്കേറ്റ് അംഗവും സ്റ്റുഡൻ്റ് വെൽഫയർ കമ്മറ്റി കൺവീനറുമായ ആൻ സെബാസ്റ്റ്യൻ അറിയിച്ചു. യൂണിവേഴ്സിറ്റി സെനറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ തിരഞ്ഞെടുപ്പിൽ 2021 വരെ തുടർന്ന് വന്നിരുന്ന സിംഗിൾ ബാലറ്റ് സിസ്റ്റം പുനസ്ഥാപിക്കാൻ സിന്ഡിക്കേറ്റ് തീരുമാനിച്ചു.






