കൊച്ചി: പാലാരിവട്ടത്ത് നവംബർ 5 (വ്യാഴം) മുതല്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
മാർട്ടിൻ ചർച്ചിന് സമീപം പൈലിംഗ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.
ശ്രീനാരായണ ജംഗ്ഷൻ (എസ്.എൻ. ജംഗ്ഷൻ) മുതല്‍ സെന്റ് മാർട്ടിൻ ചർച്ച് വരെയുള്ള റോഡിന്റെ ഭാഗം താല്‍ക്കാലികമായി അടച്ചിടുമെന്നാണ് കൊച്ചി മെട്രോ അധികൃതർ അറിയിച്ചിട്ടുള്ളത്. ഗതാഗത മാറ്റത്തിന്റെ ഭാഗമായി ബുധനാഴ്ച റോഡ് താല്‍ക്കാലികമായി അടയ്ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയാക്കും. തുടർന്ന് വ്യാഴാഴ്ച മുതല്‍ ട്രയല്‍ റണ്‍ അടിസ്ഥാനത്തില്‍ ഒരു മാസത്തേക്ക് വാഹനങ്ങള്‍ വഴിതിരിച്ചുവിടും.
വാഹനങ്ങള്‍ വഴിതിരിച്ചു വിടും
ഇടപ്പള്ളിയില്‍ നിന്ന് കലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ എസ്എൻ ജംഗ്ഷൻ വഴി പാലാരിവട്ടം ജംഗ്ഷൻ വഴി തിരിച്ചുവിടും, അവിടെ നിന്ന് വലത് തിരിഞ്ഞ് കലൂർ ഭാഗത്തേക്ക് പോകുന്ന രീതിയിലാണ് നിയന്ത്രണം. കൊച്ചി മെട്രോ അധികൃതരും കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണറും സംയുക്തമായി സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ഗതാഗത ക്രമീകരണങ്ങള്‍ക്ക് രൂപം നല്‍കിയത്. നിർമ്മാണ പ്രവർത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് പൊതുജനങ്ങള്‍ പൂർണ്ണമായും സഹകരിക്കണമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അഭ്യർത്ഥിച്ചിട്ടുണ്ട്.
കൊച്ചി മെട്രോ രണ്ടാം ഘട്ടം
കൊച്ചി മെട്രോ രണ്ടാം ഘട്ടം എന്നറിയപ്പെടുന്ന പിങ്ക് ലൈനിന്റെ നിർമാണ പ്രവർത്തനങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്. കലൂർ ജവഹർലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നിന്ന് തുടങ്ങി പാലാരിവട്ടം വഴി കാക്കനാട് ഇൻഫോപാർക്ക് / സ്മാർട്ട് സിറ്റി വരെ 11.2 കിലോമീറ്റർ ദൈർഘ്യത്തിലാണ് പാത ഒരുങ്ങുന്നത്. പിങ്ക് ലൈൻ നിർമാണവുമായി ബന്ധപ്പെട്ട ഡിപിആർ കെഎംആർഎല്‍ 2019 ജനുവരിയിലാണ് സമർപ്പിച്ചത്. 2027 ഓഗസ്റ്റില്‍ ഇത് പ്രവർത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.
മധ്യ കൊച്ചിയും കാക്കനാട് ഐടി ഹബ്ബും തമ്മിലുള്ള പൊതുഗതാഗത ബന്ധം മെച്ചപ്പെടുത്താനും ആയിരക്കണക്കിന് ജീവനക്കാർക്കും വിദ്യാർത്ഥികള്‍ക്കും താമസക്കാർക്കും പ്രയോജനം ചെയ്യുന്നതിനും ഈ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂർത്തിയായിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു. സ്റ്റേഷനുകള്‍ക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികളും അവസാന ഘട്ടത്തിലാണ്. എലിവേറ്റഡ് വയഡക്റ്റ് നിർമാണം പൂർത്തിയായി. ട്രാക്ക് സ്ഥാപിക്കല്‍, സിഗ്നലിങ്, ടെലികോം സംവിധാനങ്ങള്‍, ലിഫ്റ്റ് - എസ്കലേറ്ററുകള്‍ സ്ഥാപിക്കല്‍ എന്നീ പ്രവർത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്.






