തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരില്‍ നടന്ന ഇടപാടുകളില്‍ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന് ജിഎസ്ടി പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്.
സ്പോണ്സറില് നിന്ന് നികുതി ഈടാക്കുന്നത് ഉദ്യോഗസ്ഥർ മനപ്പൂർവം വൈകിപ്പിച്ചു. നികുതി ഉടൻ ഈടാക്കണമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും റിപ്പോർട്ടില്‍ ശുപാർശയുണ്ട്.
റിപ്പോർട്ടർ കമ്പനിയുടെ അക്കൗണ്ടിലേക്ക് 2 ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കോടികള്‍ എത്തിയത് കേന്ദ്ര ഏജൻസികള്‍ അന്വേഷിക്കണമെന്നും എസ്ഐടി പറയുന്നു.
സ്പോണ്സറില് നിന്ന് നികുതി ഈടാക്കാതിരുന്നതില്‍ ഗുരുതര വീഴ്ചയുണ്ട്. നികുതി ഈടാക്കുന്നത് ഉദ്യോഗസ്ഥർ മനപ്പൂർവം വൈകിപ്പിക്കുകയായിരുന്നു. ഉന്നതങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നല്കി. ജിഎസ്ടി ആസ്ഥാനത്തെ ഡെപ്യൂട്ടി കമ്മീഷണർ വരെ ഇടപെട്ടു. വീഴ്ച ഉണ്ടായിട്ടും ഉന്നത ഉദ്യോഗസ്ഥർ സംശയകരമായ മൗനം പാലിച്ചു. നികുതി ഉടൻ ഈടാക്കണം എന്നും എസ്ഐടി പറയുന്നു.
ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം. അന്വേഷണം മറ്റൊരു യൂണിറ്റിലേക്ക് അടിയന്തരമായി മാറ്റണം. ബാഹ്യ സമ്മർദങ്ങള്‍ ഉണ്ടായോ എന്ന് അന്വേഷിക്കണം. റിപ്പോർട്ടർ കമ്പനിയുടെ അക്കൗണ്ടില്‍ വന്ന കോടികളില്‍ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും ശുപാർശയുണ്ട്. രണ്ട് ധനകാര്യ സ്ഥാപനങ്ങള്‍ കോടികള്‍ നല്‍കിയതില്‍ സംശയങ്ങള്‍ ഉണ്ട്. ആർബിസി- ജിഎസ്ടി കാണിച്ചതില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. സ്റ്റേഡിയം നവീകരണത്തിനായി ചെലവാക്കിയത് 8 കോടി രൂപയാണ്. സ്പോണ്സർ അവകാശപ്പെട്ടത് 70 കോടി ചെലവാക്കിയെന്നാണെന്നും റിപ്പോർട്ടില്‍ പറയുന്നു.






