തിരുവനന്തപുരം: മെസ്സിയെ കേരളത്തില്‍ കൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിജിപി റവാഡ ചന്ദ്രശേഖര്‍ വിശദമായി പരിശോധിക്കുന്നു.
അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നാണ് എസ്ഐടിയുടെ ശിപാര്‍ശ.
മുന്‍ കായികമന്ത്രി വി. അബ്ദുറഹിമാനെയും പ്രതിചേര്‍ക്കും. അബ്ദുറഹ്മാനെതിരെ ഗുരുതര കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്.
രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും.
വി. അബ്ദുറഹിമാനെതിരെയും അദ്ദേഹത്തിന്റെ ഓഫീസിനെതിരെയും നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് എസ്ഐടിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്പോണ്സര്ക്ക് അന്യായമായ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന തരത്തില്‍ മന്ത്രിയുടെ ഓഫീസ് ഇടപെട്ടതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
കരാര്‍ നടപടികളില്‍ കായികവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ മന്ത്രിയും ഓഫീസിലെ ചില ഉദ്യോഗസ്ഥരും ഇടപെട്ടതായാണ് കണ്ടെത്തല്‍. സ്പോണ്സര്ക്ക് അനുകൂലമായ രീതിയില്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ചുവെന്നും എസ്ഐടി ചൂണ്ടിക്കാട്ടുന്നു.
മുന്‍ മന്ത്രിയുടെ ഇ-മെയില്‍ ഔദ്യോഗിക ഇടപാടുകള്‍ക്കായി ഉപയോഗിച്ചതും അന്വേഷണത്തില്‍ പരിശോധിച്ചിരുന്നു.






