കോട്ടയം: മാസപ്പടി കേസില്‍ സസ്പെൻഷനിലായ കോട്ടയത്തെ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്. അശോക് കുമാർ ഉള്‍പ്പെടെയുള്ളവരുടെ അനധികൃത സ്വത്തു സമ്പാദനത്തില്‍ അടക്കം വിജിലൻസ് പരിശോധന തുടങ്ങി.
വിജിലൻസ് എറണാകുളം സ്പെഷല്‍ സെല്‍ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
സസ്പെൻഷൻ ഉത്തരവിറങ്ങിയതിനു പിന്നാലെ വിജിലൻസ് ഇവരുടെ മുഴുവൻ നടപടികളിലും രഹസ്യ പരിശോധന തുടങ്ങിയിരുന്നു.ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്തു സമ്പാദനം സംബന്ധിച്ചു പരിശോധന നടത്തണമെന്ന് അഭ്യർഥിച്ച് എക്സൈസ് കമ്മീഷണർ, കഴിഞ്ഞ ദിവസം വിജിലൻസ് ഡയറക്ടർക്ക് കത്തു നല്‍കിയിരുന്നു.
ബാറുടമകളില്‍ നിന്ന് മാസപ്പടികൈപ്പറ്റിയെന്ന പരാതിയില്‍ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്.അശോക് കുമാറിനെ കൂടാതെ കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷല്‍ സ്ക്വാഡിലെ പ്രിവന്റീവ് ഓഫിസർ എം.മാനുവല്‍, പ്രവീണ്‍ ശിവാനന്ദ്, ചങ്ങനാശേരി എക്സൈസ് സർക്കിള്‍ ഓഫിസിലെ പ്രിവന്റീവ് ഓഫിസർമാരായ ലാലു തങ്കച്ചൻ, ടി. സന്തോഷ്, ചങ്ങനാശേരി എക്സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫിസർ കെ.ഷിജു, ചങ്ങനാശേരി എക്സൈസ് സർക്കിള്‍ ഓഫിസിലെ സിവില്‍ എക്സൈസ് ഓഫീസർ എ.എസ്.വിശാഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.






