മലപ്പുറം: വിവാഹത്തിന് സൗജന്യ മെഡിക്കൽ ക്യാമ്പ് ഒരുക്കി നവദമ്പതികൾ.
മലപ്പുറം കിഴിശ്ശേരി വള്ളിക്കുന്നത്ത് അമൽദേവിന്റെയും വാക്കാലൂർ പള്ളിയാളിയിൽ അമൃതയുടെയും വിവാഹവേദി വേറിട്ടാനുഭവമായി.
വിവാഹത്തിനെത്തിയ 250 പേർക്കു സൗജന്യമായി പ്രമേഹം, കൊളസ്ട്രോൾ, പ്രഷർ, ഇസിജി, രക്തപരിശോധനകളും നടത്തി.
കാവനൂരിലെ കല്യാണവേദി ആരോഗ്യത്തിനു കാവലൊരുക്കുന്ന മെഡിക്കൽ ക്യാംപ് കൂടിയായി മാറി.
അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിലെ ആറംഗ വിദഗ്ധ മെഡിക്കൽ സംഘമാണു ക്യാംപിനു നേതൃത്വം നൽകിയത്.
തങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാനെത്തിയ പ്രിയപ്പെട്ടവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം ആരോഗ്യപരിരക്ഷയാണെന്ന തിരിച്ചറിവാണ് ഇരുവരെയും ഈ തീരുമാനത്തിൽ എത്തിച്ചത്.
"പഠന കാലം മുതൽക്കേ ആരോഗ്യ മേഖലയിലെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ആരോഗ്യ പരിശോധന പദ്ധതികളിലും എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിലും വോളന്റിയറായി പ്രവർത്തിച്ചിട്ടുണ്ട്.
സമൂഹത്തിൽ ആരോഗ്യ ബോധവൽക്കരണത്തിന്റെ ആവശ്യകത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കിയത് അക്കാലത്താണ്.
അതുകൊണ്ടാണ് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ദിനത്തിൽ ആഘോഷങ്ങൾക്കൊപ്പം പ്രിയപ്പെട്ടവർക്കായി ഇങ്ങനെയൊരു ഹെൽത്ത് ക്യാമ്പ് കൂടി ഒരുക്കാൻ തീരുമാനിച്ചത്"- വരൻ അമൽദേവ് പറഞ്ഞു.
വിവാഹവേദിയിലെ ഈ വേറിട്ട ആശയത്തെ അരീക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ മാനേജ്മെന്റും അഭിനന്ദിച്ചു.
വിവാഹ ആഘോഷങ്ങളിൽ വ്യത്യസ്തതകൾക്ക് പിന്നാലെ പോകുന്ന പുതുതലമുറയ്ക്ക് അമൽദേവിന്റെയും അമൃതയുടെയും ഈ സാമൂഹിക പ്രതിബദ്ധത വലിയൊരു പ്രചോദനമാകുമെന്നും ആരോഗ്യരംഗത്ത്
അവബോധം വളർത്താൻ ഇത്തരം മാതൃകകൾക്ക് കഴിയുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ആഡംബരങ്ങളല്ല, പരസ്പരമുള്ള കരുതലാണ് മനുഷ്യബന്ധങ്ങളുടെ അടിസ്ഥാനമെന്ന് ഓർമ്മിപ്പിക്കുകയാണ് ഈ മനോഹരമായ വിവാഹച്ചടങ്ങ്.
ഒരുപക്ഷേ, ഈ വിവാഹത്തിൽ പങ്കെടുത്ത ആരും ആ ദിനം പെട്ടെന്നൊന്നും മറക്കാൻ ഇടയില്ല.






