കണ്ണൂർ: പൂഴിമണ്ണ് ശേഖരിച്ച് വില്‍പ്പന നടത്താനുള്ള അനുമതിക്കായി ഓഫീസിലെത്തിയ ആളോട് കൈക്കൂലി വാങ്ങിയ കുറ്റ്യേരി സ്വദേശിയായ ഉദ്യോഗസ്ഥൻ പിടിയില്‍.
സംഭവത്തില്‍ കണ്ണൂർ മൈനിംഗ് & ജിയോളജി ഓഫീസിലെ മിനറല്‍ റവന്യൂ ഇൻസ്പെക്ടർ പി.പി. ശ്രീധരനാണ് അറസ്റ്റിലായത്. ചെറുകുന്ന് സ്വദേശിയില്‍ നിന്നാണ് കൈക്കൂലി വാങ്ങിയത്.
കഴിഞ്ഞ ജൂണിലാണ് ചെറുകുന്ന് സ്വദേശിയായ ആള് പൂഴിമണ്ണ് ശേഖരിച്ച് വില്‍പ്പന നടത്താനുള്ള അനുമതിക്കായി മൈനിംഗ് & ജിയോളജി ഓഫീസില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ ഒരു വർഷം പിന്നിട്ടിട്ടും ഉദ്യോഗസ്ഥർ സൈറ്റ് ഇൻസ്പെക്ഷൻ നടത്തിയില്ല.
പിന്നാലെ ചെറുകുന്ന് സ്വദേശി കാര്യങ്ങള്‍ അന്വേഷിക്കാൻ ഓഫീസില്‍ നേരിട്ടെത്തുകയും ഉദ്യോഗസ്ഥരെ കാണുകയും ചെയ്തു. ഈ സമയത്താണ് പിപി ശ്രീധരൻ കൈക്കൂലിയായി 15,000 രൂപ ആവശ്യപ്പെട്ടത്. ചെറുകുന്ന് സ്വദേശി ഇക്കാര്യം വിജിലസില്‍ അറിയിക്കുകയും ഉദ്യോഗസ്ഥൻ പിടിയിലാവുകയുമായിരുന്നു.






