തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത രാഷ്ട്രീയ വിവാദമായി മാറിയ ഗവണ്മെന്റ് പ്ലീഡർ നിയമനത്തില്‍ മുഖ്യമന്ത്രിയുടെ മുൻ നിലപാട് ശരിവെക്കുന്ന നിർണായക കത്ത് പുറത്ത്.
ഇന്ത്യൻ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നല്കിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പ്ലീഡർ നിയമനങ്ങള്‍ നടത്തിയതെന്ന മുഖ്യമന്ത്രിയുടെ വാദത്തെ സാധൂകരിക്കുന്ന ശുപാർശ കത്താണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യൻ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി കെപിസിസിക്ക് കൈമാറിയ പട്ടികയിലാണ് വിവാദമായ പേരുകളുള്ളത്. ഈ പട്ടികയില്‍ എബിവിപി മുൻ നേതാവായിരുന്ന ശരത്ത് ടി.എസ്, എസ്എഫ്ഐ പ്രവർത്തകയായിരുന്ന ജയോണ ജെയിംസ് എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്.
എന്നാല്‍, ഗവണ്മെന്റ് പ്ലീഡർ പട്ടികയില്‍ സംഘ്പരിവാർ-സിപിഎം ബന്ധമുള്ളവർ കടന്നുകൂടിയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ലോയേഴ്സ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. സ്റ്റേറ്റ് അറ്റോർണി തയ്യാറാക്കിയ പട്ടികയിലെ പേരുകള്‍ മാറ്റരുതെന്ന് മുഖ്യമന്ത്രിയുടെ കർശന നിർദേശമുണ്ടായിരുന്നതായി ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.കെ റഹ്മാൻ ആരോപിച്ചു.
തങ്ങള്‍ യഥാർത്ഥത്തില്‍ ശുപാർശ ചെയ്ത പേരുകള്‍ക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നും, ഈ വിഷയത്തില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സംസാരിക്കാൻ പലതവണ ശ്രമിച്ചിട്ടും കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിച്ചതായും ലോയേഴ്സ് കോണ്‍ഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി. നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനും ഇടത്-വലത് മുന്നണികള്‍ക്കുമിടയില്‍ വരും ദിവസങ്ങളിലും രാഷ്ട്രീയ പോര് ശക്തമാകാനാണ് സാധ്യത.






