മുംബൈ: ചെക്ക് കേസില്‍ പാലാ എം എല്‍ എ മാണി സി. കാപ്പന്റെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് മുംബൈ ദിന്തോഷി സെഷൻസ് കോടതി.
വിചാരണക്കോടതി വിധിച്ച 1.70 കോടി രൂപയുടെ നഷ്ടപരിഹാര ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി പരിഗണിക്കുന്നതിന്, നഷ്ടപരിഹാര തുകയുടെ 20 ശതമാനം 60 ദിവസത്തിനുള്ളില്‍ കോടതിയില്‍ കെട്ടിവെക്കാന്‍ നിര്‍ദ്ദേശിച്ചു.
മുംബൈ ഗൊരേഗാവ് ദിന്‍ദോഷി അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി. എ. സാന്യേയാണ് കേസില്‍ നിര്‍ണ്ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്. ശിക്ഷാവിധി സസ്പെന്‍ഡ് ചെയ്യണമെന്നും, അപ്പീല്‍ ഹര്‍ജി തീര്‍പ്പാകുന്നതുവരെ നഷ്ടപരിഹാര തുകയുടെ 20 ശതമാനം കെട്ടിവെക്കുന്നതില്നിന്ന് ഇളവ് അനുവദിക്കണമെന്നുമുള്ള മാണി സി. കാപ്പന്റെ അപേക്ഷ ഭാഗികമായി തള്ളിയാണ് കോടതി ഉത്തരവിറക്കിയത്. ഈ തുക അടച്ചില്ലെങ്കില്‍ കേസില്‍ അറസ്റ്റിലാകും.
മുംബൈ ബോറിവ്ലി വിചാരണക്കോടതി (ജെഎംഎഫ്സി) 2026 സെപ്റ്റംബര്‍ ഒന്നിനാണ് കേസില്‍ മാണി സി. കാപ്പന് കുറ്റക്കാരനാണെന്ന് കണ്ടെത്തി തടവുശിക്ഷയും 1.70 കോടി രൂപ നഷ്ടപരിഹാരവും വിധിച്ചത്. ഓര്‍ഡര്‍ തീയതി മുതല്‍ തുക അടച്ചുതീര്‍ക്കുന്നതു വരെയുള്ള പലിശയും നഷ്ടപരിഹാരത്തോടൊപ്പം നല്‍കണമെന്ന് വിചാരണക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. വിചാരണക്കോടതി വിധിക്കെതിരെയാണ് കാപ്പന് ദിന്‍ദോഷി സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഈ അപ്പീലിനൊപ്പം നല്കിയ ഹര്‍ജിയിലാണ്, കേസില്‍ തനിക്കെതിരെ നിലനില്‍ക്കുന്ന സാമ്പത്തിക ബാധ്യത തര്‍ക്കത്തിലാണെന്നും നല്കിയ ചെക്കുകള്‍ സുരക്ഷാ ബോണ്ടുകള്‍ മാത്രമായിരുന്നെന്നും ചൂണ്ടിക്കാട്ടി 20 ശതമാനം തുക കെട്ടിവെക്കുന്നതില്‍ ഇളവ് തേടിയത്.
കരാര്‍ കാലാവധി നീട്ടി നല്‍കിയിരുന്നെന്നും എന്നാല്‍ നിശ്ചിത കാലാവധിക്ക് മുമ്പ് പരാതിക്കാരന് ബാങ്കില്‍ ചെക്ക് സമര്‍പ്പിക്കുകയായിരുന്നുവെന്നും കാപ്പന്റെ അഭിഭാഷകന് വാദിച്ചു. സുപ്രീം കോടതിയുടെ മുന്‍കാല വിധികള്‍ ചൂണ്ടിക്കാട്ടി സാമ്പത്തിക ഇളവിന് തനിക്ക് അര്‍ഹതയുണ്ടെന്നും കാപ്പന് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍, പരാതിക്കാരനായ മുംബൈ ഗൊരേഗാവ് സ്വദേശി ദിനേശ് മേനോന് ഈ വാദങ്ങളെ ശക്തിയായി എതിര്‍ത്തു. മാണി സി. കാപ്പന് നിലവില്‍ ജനപ്രതിനിധിയും സിനിമാ നിര്മ്മാതാവുമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലപ്രകാരം 28 കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്നും പരാതിക്കാരന്റെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ വിശദമായി കേട്ട ശേഷമാണ് സെഷന്‍സ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഇരുവരും തമ്മില്‍ സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പാ ഇടപാടുകള്‍ നടത്തിയിരുന്നതെന്നും 2013-ല്‍ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ തുടര്‍ച്ചയായാണ് ചെക്കുകള്‍ നല്‍കിയതെന്നും കോടതി നിരീക്ഷിച്ചു. ചെക്ക് മടങ്ങിയ ശേഷവും പരാതിക്കാരന് നല്കിയ നിയമപരമായ നോട്ടീസിന് മറുപടി നല്കാന് പ്രതി തയ്യാറായില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി. പ്രതി നിലവില്‍ എംഎല്‍എയാണെന്നതും വലിയ തോതില്‍ സാമ്പത്തിക ശേഷിയുള്ളയാളാണെന്നതും പരിഗണിക്കുമ്പോള്‍ 20 ശതമാനം തുക കെട്ടിവെക്കുന്നതില്നിന്ന് ഒഴിവാക്കാന്‍ തക്ക അപൂര്‍വ്വമായ സാഹചര്യങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, 20 ശതമാനത്തില്‍ കൂടുതല്‍ തുക കെട്ടിവെക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന പരാതിക്കാരന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. നിയമപ്രകാരം അനുശാസിക്കുന്ന 20 ശതമാനം തുക തന്നെ നിശ്ചിത സമയത്തിനുള്ളില്‍ കെട്ടിവെക്കണമെന്നാണ് നീതിപീഠത്തിന്റെ അന്തിമ നിര്‍ദ്ദേശം. ഉത്തരവ് പുറപ്പെടുവിച്ച 2026 ഒക്ടോബര്‍ 6 മുതല്‍ 60 ദിവസത്തിനകം (ഡിസംബര്‍ ആദ്യവാരത്തിനുള്ളില്‍) തുക സെഷന്‍സ് കോടതിയില്‍ നിക്ഷേപിക്കണം. ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി അപ്പീല്‍ തീര്‍പ്പാകുന്നതുവരെ നിര്‍ത്തിവെക്കാന്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു.
തുക ഒടുക്കുന്നതിനൊപ്പം 25,000 രൂപയുടെ സ്വന്തം ബോണ്ടും തത്തുല്യ തുകയുടെ ആള്‍ജാമ്യവും ഹാജരാക്കാനും കാപ്പനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു മാസത്തേക്ക് താല്‍ക്കാലികമായി ക്യാഷ് ശൂരട്ടി സമര്‍പ്പിക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. നിശ്ചിത 60 ദിവസത്തെ സമയപരിധിക്കുള്ളില്‍ 20 ശതമാനം തുക കെട്ടിവെച്ചില്ലെങ്കില്‍ വിചാരണക്കോടതി വിധി നടപ്പാക്കുന്നതിനായുള്ള നിയമനടപടികളിലേക്ക് നീങ്ങേണ്ടിവരും.






