മലപ്പുറം: ലൈവ് സ്ട്രീമിങ്ങിനിടെ യുവതിയെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്ന കേസിൽ തൊപ്പി എന്ന നിഹാദിന്റെ മുൻ കൂട്ടാളി മമ്മുവിനെ(മുഹമ്മദ്) കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് നടപടി. നിലവിൽ മമ്മു പെരിന്തൽമണ്ണ സബ് ജയിലിൽ റിമാൻഡിലാണ്.
ജൂൺ 10-ന് രാത്രി 10 മണി മുതൽ നാല് മണിക്കൂർ നീണ്ട യൂട്യൂബ് ലൈവ് സ്ട്രീമിനിടെയാണ് വിവാദ പരാമർശങ്ങൾ ഉണ്ടായത്. തൊപ്പി മുമ്പ് പറഞ്ഞിട്ടുള്ള കാര്യങ്ങളാണെന്ന് അവകാശപ്പെട്ട് ഒരു യുവതിയെ ചേർത്ത് മമ്മു അപകീർത്തികരവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. തുടർന്ന് യുവതി മഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേരി പൊലീസ് നാല് പേർക്കെതിരെ കേസെടുത്തു. മമ്മുവിന് പുറമെ തൊപ്പി എന്ന നിഹാദ്, ഷമീർ, മറ്റൊരാൾ എന്നിവരെയാണ് പ്രതിചേർത്തത്. അന്വേഷണത്തിന്റെ ഭാഗമായി മമ്മുവിനെ അറസ്റ്റ് ചെയ്ത് മഞ്ചേരി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തിരുന്നു.
അതേസമയം, സമാന ആരോപണവുമായി ബന്ധപ്പെട്ട് ആലുവ പൊലീസിലും മറ്റൊരു പരാതി ലഭിച്ചിട്ടുണ്ട്. ഈ പരാതിയിലും തൊപ്പിക്കും മമ്മുവിനുമെതിരെ കേസെടുത്തിട്ടുണ്ട്. കേസിൽ ഒന്നാം പ്രതിയായ തൊപ്പി നിലവിൽ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.






