ചെന്നൈ: തമിഴ്നാട്ടിൽ വിജയ് നയിക്കുന്ന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗൂഢാലോചന നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് 'പ്രോജക്ട് മേഘാലയ' കേസിലെ അന്വേഷണം ചെന്നൈ പൊലീസ് കൂടുതൽ വ്യാപിപ്പിച്ചു.
തമിഴക വെട്രി കഴകം (ടിവികെ) എം.എൽ.എമാരെ സ്വാധീനിക്കാൻ വൻതുക കോഴ വാഗ്ദാനം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതിനകം നിരവധി പേരെ അറസ്റ്റ് ചെയ്തതോടൊപ്പം പ്രമുഖ മാധ്യമപ്രവർത്തകനെയും ചോദ്യം ചെയ്തിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ചില ഡി.എം.കെ നേതാക്കൾക്കും പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണങ്ങളാണ് ഉയർത്തുന്നതെന്ന് പ്രതിപക്ഷം ആരോപണം തള്ളിക്കളഞ്ഞു. സംഭവത്തിൽ നിയമനടപടികൾക്ക് പൂർണമായി സഹകരിക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്.
ടിവികെയുടെ ഉത്തരംഗരൈ എം.എൽ.എ എൻ. ഇളയരാജ നൽകിയ പരാതിയോടെയാണ് കേസിന് തുടക്കമായത്. നിയമസഭയിൽ പാർട്ടി നിലപാടിന് വിരുദ്ധമായി വോട്ട് ചെയ്യുന്നതിനായി തനിക്കു 35 കോടി രൂപ വാഗ്ദാനം ചെയ്തതായും യൂട്യൂബർ തിരുനാവുക്കരശ് ഉൾപ്പെടെയുള്ളവർ ഇതിന് പിന്നിലുണ്ടായിരുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്. ഈ നിർദേശം നിരസിച്ചതിന് പിന്നാലെ തനിക്കും കുടുംബത്തിനും ഭീഷണി നേരിട്ടതായും എം.എൽ.എ ആരോപിച്ചിട്ടുണ്ട്.
പോലീസ് അന്വേഷണത്തിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കുക എന്ന ലക്ഷ്യത്തോടെ ടിവികെയിലെ ഏകദേശം 15 എം.എൽ.എമാരെ പണം നൽകി സ്വാധീനിക്കാനുള്ള നീക്കം നടന്നതായി സംശയിക്കുന്നതായി സൂചനയുണ്ട്. ഗൂഢാലോചനയുടെ മുഖ്യ ആസൂത്രകരിൽ ഒരാളായി തിരുനാവുക്കരശിനെ അന്വേഷണ സംഘം സംശയിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി അന്വേഷണം വിവിധ തലങ്ങളിൽ തുടരുകയാണ്.






