തിരുവനന്തപുരം: ഇന്ത്യയിലെ ഇന്നത്തെ സുപ്രീം കോടതി ഒരു സുപ്രീം ഫെയിലിയർ ആണെന്ന് സിപിഐഎം ജനറല് സെക്രട്ടറി എം എ ബേബി.
ഇത് പരിഭാഷപ്പെടുത്തി അവർക്ക് അയച്ചു കൊടുക്കണം. ഈ വിമർശനം നടത്തിയതിന്റെ പേരില് കോടതി അലക്ഷ്യമായി പരിഗണിച്ച് ശിക്ഷിക്കാൻ ഇപ്പോഴത്തെ സുപ്രീംകോടതി തയ്യാറായാല് എന്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയ അവാർഡ് ആയി അത് സ്വീകരിക്കുമെന്നും സിപിഐഎം അഖിലേന്ത്യാ ജനറല് സെക്രട്ടറി പറഞ്ഞു. എക്സിക്യൂട്ടീവിന്റെ തെറ്റായ ഇടപെടലുകള്ക്ക് മേല് ഇപ്പോള് സുപ്രീം കോടതി ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാതിരിക്കുന്നതാണ് കാണുന്നത്. കോടതി ഇടപെട്ട് ഭരണഘടന മൂല്യങ്ങള് സംരക്ഷിക്കാതെ വന്നാല് ജനങ്ങള് ഇടപെട്ട് ഭരണഘടന മൂല്യങ്ങള് സംരക്ഷിക്കേണ്ടിവരുമെന്നും ബേബി പറഞ്ഞു. എം വി നികേഷ് കുമാറിന് അനുവദിച്ച അഭിമുഖത്തിലാണ് എം എ ബേബിയുടെ വിമർശനം.
മധുര പാർട്ടി കോണ്ഗ്രസിന്റെ രാഷ്ട്രീയ പ്രമേയം അനുസരിച്ചാണ് വിസ്തൃതമായ സമരമുന്നണി എന്ന ആശയം സിപിഐഎം നടപ്പാക്കുന്നത്. ഇൻഡ്യ ബ്ലോക്കിന് പുറത്തേക്കും ബിജെപി വിരുദ്ധ ശക്തികളെയും സംഘടനകളെയും യോജിപ്പിച്ചുകൊണ്ടുള്ള കൂട്ടായ്മ വ്യാപിപ്പിക്കാനാണ് തീരുമാനം. സങ്കുചിതമാ യ താല്പ്പര്യങ്ങളിലേക്ക് മാത്രം ചുരുങ്ങാതെ പരസ്പരം സഹായിച്ച് ഇൻഡ്യ ബ്ലോക്ക് പ്രവർത്തിക്കണമെന്നും എം എ ബേബി ചൂണ്ടിക്കാണിച്ചു.






