വത്തിക്കാൻ സിറ്റി: ശസ്ത്രക്രിയയ്ക്ക് ശേഷം ലിയോ പതിനാലാമൻ മാർപാപ്പ ആദ്യമായി വിശ്വാസികളുടെ മുന്നിലെത്തി.
ഞായറാഴ്ച അപ്പോസ്തോലിക് കൊട്ടാരത്തില് നിന്ന് അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായാണ് മാർപാപ്പ പൊതുവേദിയില് എത്തുന്നത്. വിശ്വാസികളെ അദ്ദേഹം കൈവീശി അഭിവാദ്യം ചെയ്തു.
തുടർന്ന് പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി. കഴിഞ്ഞദിവസങ്ങളില് തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയുണ്ടെന്ന് മാർപാപ്പ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മാർപാപ്പയുടെ ശ്വാസകോശത്തില് കണ്ടെത്തിയ മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. അഡിനോകാർസിനോമ എന്ന ക്യാൻസറാണ് ശ്വാസകോശത്തെ ബാധിച്ചതെന്ന് പരിശോധനയില് കണ്ടെത്തി.
ശ്വാസകോശ ക്യാൻസറുകളില് ഏറ്റവും സാധാരണമായ വിഭാഗങ്ങളിലൊന്നാണ് പള്മണറി അഡിനോകാർസിനോമ. കണ്ടെത്തിയിട്ടുള്ളവയില് ഏകദേശം 40 ശതമാനവും ഈ വിഭാഗത്തില്പ്പെടുന്നവയാണ്.
ഇത്തരം ക്യാൻസർ മുഴകളുടെ വളർച്ചയും വ്യാപനവും താരതമ്യേന സാവധാനത്തിലായിരിക്കും. മാർപ്പാപ്പയുടെ കാര്യത്തില് പ്രാരംഭഘട്ടത്തില്തന്നെ ക്യാൻസർ കണ്ടെത്തിയതിനാല് രോഗമുക്തി വേഗത്തിലായിരിക്കുമെന്ന് അമേരിക്കൻ ലംഗ് അസോസിയേഷന്റെ ദേശീയ മെഡിക്കല് വക്താവ് ഡോ ജുവാനിറ്റ മോറ പറഞ്ഞിരുന്നു.






