കോട്ടയം: ഓണം ബംപർ ലോട്ടറി അടിക്കുന്നവർക്ക് ഉപദേശവുമായി മുൻ ബംപർ സമ്മാന വിജയി അനൂപ്. പരമാവധി ആരേയും അറിയാക്കാതെ തുക അച്ചടക്കത്തോടെ കൈകാര്യം ചെയ്യണമെന്ന് അനൂപ് പറയുന്നു.
ധാരാളം പണം കൈയ്യില്‍ വന്നെന്ന് കരുതി ആദ്യമേ ആഡംബര ജീവിതത്തിലേക്ക് പോയാല്‍ പിന്നീട് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുമെന്നും അനൂപ് മുന്നറിയിപ്പ് നല്കി. സമ്മാനം നേടുന്നവരോടായി പ്രധാനപ്പെട്ട മൂന്ന് ഉപദേശങ്ങളാണ് അനൂപ് പങ്കുവെച്ചിരിക്കുന്നത്.സ്വകാര്യ ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം.
ലോട്ടറി അടിക്കുന്നത് പാവപ്പെട്ടവരാണെങ്കില്‍ അവർക്ക് വലുതായിട്ട് ധാരണ കാണില്ല എന്ത് ചെയ്യണമെന്ന് .പല ആഗ്രഹങ്ങളും കാണും. കാരണം ക്യാഷ് ഇല്ലാത്ത സമയത്ത് നമ്മള് പല സ്വപ്നങ്ങളും കാണും, മാക്സിമം ഒന്നിലോട്ട് ശ്രദ്ധ കേന്ദ്രീകരിക്കുക. ധൃതിപിടിച്ച് പൈസ ചെലവാക്കാതെ പണം കൈയ്യില്‍ പിടിച്ച് ഒന്ന് പ്ലാൻ ചെയ്യുക . ബിസിനസ് ആണെങ്കിലും പതിയെ തുടങ്ങുക. ഞാൻ ആദ്യം റെൻ്റിന് ഒരു ഹോട്ടലെടുത്തു.എന്നിട്ട് അത് കുഴപ്പമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാകും എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് പുതിയ ഹോട്ടല്‍ തുടങ്ങിയത്.
രണ്ടാമത്തെ കാര്യം ടിക്കറ്റ് കിട്ടിയാല്‍ പരമാവധി ബന്ധുക്കളെ അറിയിക്കാതെ ഇരിക്കുക. വേണ്ടപ്പെട്ട, അത്രയും വിശ്വാസമുള്ള ആളുടെ അടുത്ത് മാത്രം പറയുക .എന്നിട്ട് അത് ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്യുക . നമുക്ക് ക്യാഷ് കയ്യില്‍ കിട്ടുമ്പോള്‍ പല സ്വപ്നങ്ങളും കാണും. എന്നാല്‍ പണം കൈയ്യില്‍ വരുമ്പോള്‍ പെട്ടെന്ന് അതൊന്നും ചെയ്യരുത്. വലിയൊരു എമൗണ്ട് എടുത്ത് നമ്മുടെ സ്വപ്നത്തിന് വേണ്ടി കളഞ്ഞു കഴിഞ്ഞാല്‍ ചിലപ്പോള്‍ കൈയ്യിലുള്ള പൈസ താഴേക്ക് പോകും. നമുക്ക് കിട്ടിയ ഭാഗ്യം പോകും . നമ്മുടെ ചുറ്റുമുള്ളവർ തന്നെ പറയും കിട്ടിയത് മൊത്തം അടിച്ചു കളഞ്ഞ് ആഡംബര ജീവിതം കാണിച്ച് നടന്നുവെന്നൊക്കെ.
മൂന്നാമത്തെ കാര്യം 30 കോടിയാണ് അടിക്കുന്നതെങ്കില്‍ 18 ആണ് അത് കഴിഞ്ഞ് നമുക്ക് കിട്ടുക. കേന്ദ്രത്തില്‍ ഒരു ടാക്സ് ഉണ്ട് .ആദ്യം അവർ ഫുള്‍ പൈസ പിടിച്ചിട്ടാണ് നമുക്ക് തരുന്നത്. പക്ഷേ ഈ 18 ല്‍ പിന്നെ നമുക്ക് വേറെ ടാക്സ് ഉണ്ട്. അപ്പോള്‍ അതും പോയിട്ട് ബാക്കി ഒരു 15ന് അകത്ത് തുകയാണ് കൈയ്യില്‍ കിട്ടുക. ചാടിക്കയറി കിട്ടുമ്പോള്‍ അത് മൊത്തം ചെലവാക്കരുത്. ആദ്യം ഒരു ചാർട്ടഡ് അക്കൗണ്ടിനെ കണ്ട് കാര്യങ്ങള്‍ മനസിലാക്കണം. ലോട്ടറി അടിക്കുമ്പോള്‍ സ്വാഭാവികമായും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം പൈസ ചോദിച്ച് വരും. എനിക്ക് അങ്ങനെ വന്നിട്ടുണ്ടായിരുന്നു .കാരണം ഞാൻ പല ആളുകളില്‍ നിന്ന് കടങ്ങള്‍ വാങ്ങിച്ചിട്ടുണ്ട് .പണം കുറെ വന്നപ്പോള്‍ എന്നെക്കാള്‍ വൈഫിന് ഇതിനെകുറിച്ച് ധാരണ ഉണ്ടായിരുന്നു. അവള് പറയും ധൃതിവേണ്ട എല്ലാം ആലോചിച്ചേ ചെയ്യാവൂ എന്ന്. ആ അവസ്ഥയില്‍ പലരോടും എനിക്ക് നോ പറയേണ്ടി വന്നിട്ടുണ്ട്. ബുദ്ധിമുട്ടിലും എനിക്ക് കൊടുക്കാൻ പറ്റാതായിട്ടുണ്ട്. അതില്‍ പേരില്‍ പിണക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ആർക്ക് ലോട്ടറി അടിച്ചാലും അവർക്ക് കിട്ടാൻ പോകുന്ന ഒരു പണി കടം കൊടുത്താല്‍ തിരിച്ചുകിട്ടില്ലെന്നതാണ്. ചിലപ്പോള്‍ ലക്ഷങ്ങള്‍ കൊടുത്താലും തിരിച്ച് കിട്ടില്ല. ചുമ്മാ കിട്ടിയ പൈസ അല്ലേ , അതൊക്കെ തിരിച്ചുവേണോ എന്നായിരിക്കും ചോദ്യം. 15 ലക്ഷം വരെ അങ്ങനെ കൊടുത്തിട്ടുണ്ട്. ചോദിച്ച് തിരിച്ച് തരാത്ത അവസ്ഥ വന്നതോടെ പോലീസില്‍ കേസ് കൊടുക്കേണ്ട അവസ്ഥയില്‍ എത്തി നില്‍ക്കുകയാണ്.
എനിക്ക് നോ പറയാൻ പറ്റില്ല. നമ്മള് ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ സഹായിച്ചവരുണ്ട് അവരോടൊക്കെ എന്ത് പറയും. 5 ലക്ഷം വെച്ച് രണ്ട് ബന്ധുക്കള്‍ വാങ്ങി തിരിച്ച് തന്നില്ല. എന്തിനാണ് പൈസ എന്നൊക്കെയാണ് ചോദിക്കുന്നത്.സങ്കടം കൊണ്ടാണ് നമ്മള് പൈസ കൊടുത്തത്. നമ്മുക്ക് ഒത്തിരി പൈസ ഇല്ലേ നാളെ തിരിച്ചുകിട്ടും എന്നൊക്കെ തോന്നും. വെറുതെയാണ്. 90 ശതമാനം കിട്ടില്ല. നോ പറയേണ്ടിടത്ത് നോ പറയണം. ആർക്കും കൊടുക്കരുത് എന്നല്ല, പക്ഷെ എല്ലാം മനസിലാക്കണം'.






