നാരങ്ങ വെള്ളം ഉണ്ടാക്കി തൊലി വെറുതെ കളയരുതേ.അടുക്കളയിലെ പല ബുദ്ധിമുട്ടേറിയ ജോലികളും എളുപ്പത്തിലാക്കാൻ ഈ 'വേസ്റ്റ്' എന്ന് നമ്മൾ കരുതുന്ന നാരങ്ങാ തോലുകൾക്ക് സാധിക്കും. അത്തരം ചില കിടിലൻ വിദ്യകൾ താഴെ പറയുന്നവയാണ്:
മൈക്രോവേവ് ഓവൻ പുത്തൻപോലെയാക്കാൻ
മൈക്രോവേവ് ഓവനിൽ പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണമയവും അഴുക്കും കളയുക എന്നത് പലപ്പോഴും ശ്രമകരമായ ഒരു ജോലിയാണ്.
ഇതിനായി ഒരു പാത്രത്തിൽ അല്പം വെള്ളമെടുത്ത് അതിലേക്ക് ഈ നാരങ്ങാ തോലുകൾ ഇട്ട ശേഷം അഞ്ച് മിനിറ്റ് മൈക്രോവേവ് ചെയ്യുക.
ഇതിൽ നിന്നും വരുന്ന നീരാവി ഓവനിലെ കറകളെ എളുപ്പത്തിൽ ഇളക്കി മാറ്റാൻ സഹായിക്കും. കുറച്ചു സമയത്തിന് ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ചെടുത്താൽ ഓവൻ പുത്തൻ പോലെ തിളങ്ങും.
ചോപ്പിങ് ബോർഡിലെ കറയും ദുർഗന്ധവും അകറ്റാൻ
ഇറച്ചിയും മീനും പച്ചക്കറികളുമെല്ലാം മുറിക്കാൻ ഉപയോഗിക്കുന്ന ചോപ്പിങ് ബോർഡുകളിൽ ബാക്ടീരിയകളും ദുർഗന്ധവും തങ്ങിനിൽക്കാൻ സാധ്യതയുണ്ട്.
ഇതിനു പരിഹാരമായി അല്പം ബേക്കിങ് സോഡാ ബോർഡിൽ വിതറിയ ശേഷം ഉപയോഗം കഴിഞ്ഞ നാരങ്ങാ തോൽ വെച്ച് നന്നായി ഉരച്ചു കഴുകുക. ഇത് കറകളും ദുർഗന്ധവും അകറ്റുക മാത്രമല്ല, അണുക്കളെ നശിപ്പിക്കാനും സഹായിക്കുന്നു.
പാത്രങ്ങളുടെ തിളക്കം വീണ്ടെടുക്കാം
ചെമ്പ്, പിത്തള, വെള്ളി പാത്രങ്ങൾക്കും സിങ്കിനും തിളക്കം നഷ്ടപ്പെട്ടോ? ഉപയോഗിച്ച നാരങ്ങാ തോലിൽ അല്പം ഉപ്പ് വിതറി ഈ പാത്രങ്ങളിൽ നന്നായി ഉരച്ചു നോക്കൂ.
പാത്രങ്ങളിലെ കറകൾ മാറി അവ വീണ്ടും തിളങ്ങുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. ബാത്റൂമിലെയും അടുക്കളയിലെയും സ്റ്റീൽ ടാപ്പുകളിലെ വെള്ളപ്പാടുകൾ മാറ്റാനും ഇത് മികച്ചൊരു ഉപാധിയാണ്.
ഫ്രിഡ്ജിലെ ദുർഗന്ധം മാറ്റാൻ
ഫ്രിഡ്ജ് തുറക്കുമ്പോൾ പലപ്പോഴും പലതരം ഭക്ഷണങ്ങളുടെ ഗന്ധം ഇടകലർന്നു വരുന്നത് അരോചകമായി തോന്നാറില്ലേ? ഉപയോഗിച്ച ഒന്നോ രണ്ടോ നാരങ്ങാ തോലുകൾ ഫ്രിഡ്ജിന്റെ ഒരു മൂലയിൽ വെച്ച് നോക്കൂ. ഇത് ദുർഗന്ധം വലിച്ചെടുക്കുകയും ഫ്രിഡ്ജിൽ എപ്പോഴും ഒരു നവോന്മേഷം നൽകുന്ന സുഗന്ധം നിലനിർത്തുകയും ചെയ്യും.
ചെടികൾക്ക് മികച്ച വളം
ചെടികൾക്ക് മികച്ച ഒരു പ്രകൃതിദത്ത വളമായി ഈ നാരങ്ങാ തോലുകൾ ഉപയോഗിക്കാം. ഇവ ചെറിയ കഷ്ണങ്ങളാക്കി ചെടികളുടെ ചുവട്ടിൽ ഇട്ടു കൊടുത്താൽ മണ്ണിന്റെ ഗുണനിലവാരം വർധിപ്പിക്കുകയും ഉറുമ്പ്, പ്രാണികൾ തുടങ്ങിയവയെ അകറ്റി നിർത്തുകയും ചെയ്യും.






