ന്യൂഡല്‍ഹി: ഏഷ്യ കപ്പ് ജൂനിയര്‍ ഹോക്കി പുരുഷ വിഭാഗത്തിൽ ഇന്ത്യ ചാമ്പ്യന്മാര്. ഫൈനലില്‍ 4-1ന് ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചു. ഇന്ത്യന്‍ ഹോക്കി ടീം തുടര്‍ച്ചയായി നാലാം തവണയാണ് ഏഷ്യ കപ്പ് ജൂനിയര്‍ ഹോക്കിയില്‍ ജേതാക്കളാകുന്നത്.
2015, 2023, 2024 വര്‍ഷങ്ങളിലായിരുന്നു ഇതിന് മുമ്പ് ചാമ്പ്യന്മാരായത്. തുടരെ നാല് എഡിഷനുകളില്‍ ജേതാക്കളാകുന്ന ആദ്യ ടീമാണ് ഇന്ത്യ. ആകെ ആറ് തവണയാണ് ഏഷ്യ കപ്പ് ജൂനിയര്‍ ഹോക്കി കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടത്.
വനിതാ വിഭാഗം ഏഷ്യാ കപ്പ് ജൂനിയര്‍ ഹോക്കിയിലും ഇന്ത്യക്കാണ് കിരീടം. ഫൈനലില്‍ ചൈനയെ ഏക ഗോളിന് പരാജയപ്പെടുത്തി. ഇന്ത്യയുടെ ഹാട്രിക്ക് കിരീട നേട്ടമാണിത്. ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ ജൂനിയര്‍ ഹോക്കി ലോകകപ്പിന് യോഗ്യത നേടുകയും ചെയ്തു.
ഒമ്പതാം മിനുട്ടില്‍ ഉത്തര്‍പ്രദേശ് താരം അജീത് യാദവ് നേടിയ ലീഡ് ഗോളാണ് ഫൈനലില്‍ ഇന്ത്യക്ക് മേധാവിത്വം നല്‍കിയത്.
തുടക്കത്തില്‍ ഗോള്‍ നേടിയതിന്റെ ആവേശത്തില്‍, മത്സരം പകുതി നേരമാകുമ്പോഴേക്കും മൂന്ന് ഗോളിന് മുന്നിലെത്തി ഇന്ത്യ.
പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി അഷു മൗര്യ ഇന്ത്യയുടെ മാര്‍ജിന്‍ ഉയര്‍ത്തി (4-0). അവസാന നിമിഷം ദക്ഷിണ കൊറിയ ഒരു ഗോള്‍ തിരിച്ചടിച്ച് പരാജയഭാരം കുറച്ചു.






