തിരുവനന്തപുരം: കേരളത്തിലെ കപ്പല്‍ നിര്‍മാണ പദ്ധതിക്കായി പതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ അവകാശവാദം തള്ളി കമ്പനി.
കേരളത്തിലെന്നല്ല ഒരിടത്തും ടാറ്റ കപ്പല്‍ നിര്‍മാണശാല നിര്‍മിക്കുന്നില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. ടാറ്റ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ മിഷന് സമുദ്രയുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് വലിയ നിക്ഷേപം നടത്തുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. കപ്പല്‍ നിര്‍മ്മാണ മേഖലയില്‍ 10,000 കോടി രൂപയുടെ (1 ബില്യണ്‍ ഡോളര്‍) വമ്പന്‍ നിക്ഷേപം നടത്താന്‍ സന്നദ്ധത അറിയിച്ച് ടാറ്റാ ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിയെന്ന വിധത്തിലാണ് മുഖ്യമന്ത്രി പറഞ്ഞത്. പദ്ധതിയുടെ പ്രൊപ്പോസല്‍ ലഭിച്ചതായും ഒരു മാസത്തിനകം ആവശ്യമായ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അന്തിമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന് വ്യക്തമാക്കിയിുന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വലിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തി 'മിഷന് സമുദ്ര' പദ്ധതിയുടെ ഭാഗമായാണ് ഈ തന്ത്രപ്രധാന നീക്കമെന്നും ബ്ലൂംബെര്‍ഗിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. വ്യവസായ ഭീമന്മാരായ ടാറ്റയുമായി സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകള്‍ സജീവമാണെന്നും കപ്പല്‍ നിര്‍മ്മാണ ശാലയ്ക്ക് ആവശ്യമായ ഭൂമി സംസ്ഥാന സര്‍ക്കാര്‍ വിട്ടുനല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
എല്ലാ സമുദ്ര-തുറമുഖ മേഖലകളെയും പരസ്പരം സംയോജിപ്പിച്ച് വിഴിഞ്ഞം കേന്ദ്രീകരിച്ച് ഒരു ആഗോള മാരിടൈം ഹബ്ബ് നിര്‍മ്മിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ആഭ്യന്തര കപ്പല്‍ നിര്‍മ്മാണ ശേഷി അതിവേഗം വര്‍ദ്ധിപ്പിക്കാനും ആഗോള സമുദ്ര വ്യാപാരത്തില്‍ രാജ്യത്തിന്റെ സ്വാധീനം ഉറപ്പിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്ന ഈ ഘട്ടത്തില്‍, ടാറ്റ ഗ്രൂപ്പ് കൂടി ഈ രംഗത്തേക്ക് വരുന്നതോടെ കേരളത്തിന്റെ സാമ്പത്തിക അടിത്തറ പൂര്‍ണ്ണമായും മാറിമറിയുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ വിശദാംശങ്ങള്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഔദ്യോഗികമായി പുറത്തുവിടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്വപ്ന പദ്ധതിയായ 'മിഷന് സമുദ്ര'യ്ക്ക് വലിയ ഊര്‍ജ്ജമെന്ന വിധത്തിലാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതും. തൃശൂര്‍ ആസ്ഥാനമായ സ്വര്‍ണപ്പണയ വായ്പാക്കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടാറ്റ ക്യാപിറ്റല്‍ ഏറ്റെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് കഴിഞ്ഞദിവസമായിരുന്നു. ടാറ്റ ആദ്യമായി ഗോള്‍ഡ് ലോണ്‍ മേഖലയിലേക്ക് ചുവടുവയ്ക്കുക കൂടിയാണ് അതിലൂടെ. കേരളക്കമ്പനിയെ ഏറ്റെടുത്ത ടാറ്റയുടെ നീക്കം ഏവരെയും ആശ്ചര്യപ്പെടുത്തിയിരുന്നു. ഇതിനു പിന്നലെയാണ് കപ്പല്‍ നിര്‍മാണ രംഗത്ത് കേരളത്തില്‍ വമ്പന്‍ നിക്ഷേപത്തിന് ടാറ്റയെന്ന വാര്‍ത്തയും പുറത്തുവന്നത്.
കേരളത്തെ കടല്‍ശക്തിയാക്കാന്‍ 'മിഷന് സമുദ്ര' പദ്ധതി വി.ഡി.സതീശന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. വിഴിഞ്ഞത്ത് മദര്‍ഷിപ് നിര്‍മാണം, അറ്റകുറ്റപ്പണി എന്നിവയ്ക്കായി കപ്പല്‍ശാല സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ തുടര്‍ നടപടികളിലേക്കായി ആവേശപൂര്‍വം കാതോര്‍ക്കുകയാണ് കേരളത്തിലെ നിക്ഷേപകര്‍. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ടാറ്റയുടെ രംഗപ്രവേശന സാധ്യതയും ചര്‍ച്ചയായത്. ഇതോടെ മുഖ്യമന്ത്രി വി.ഡി. സതീശന് തന്റെ കന്നി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച മിഷന് സമുദ്ര പദ്ധതിയും ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു.
കേരളത്തിന്റെ ഏകദേശം 600 കിലോമീറ്റര്‍ തീരപ്രദേശം, രണ്ട് രാജ്യാന്തര തുറമുഖങ്ങള്‍, ഒരു കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍, 17 ചെറുകിട തുറമുഖങ്ങള്‍, മറ്റ് നിരവധി ജലസ്രോതസുകളും വിഭവങ്ങളും സംയോജിപ്പിച്ച് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആഗോള നാവിക ഭൂപടത്തില്‍ സംസ്ഥാനത്തെ ഒരു ശക്തിയാക്കി ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
കേരളത്തെ ഒരു ഏകീകൃത 'തുറമുഖ നഗര'മായി വിഭാവനം ചെയ്യുന്ന ഈ പദ്ധതി, നമ്മുടെ റോഡ്, കടല്‍, റെയില്‍, ഉള്‍നാടന്‍ ജലപാത ശൃംഖലകളെ നിര്‍മ്മാണ മേഖലകളുമായും ഗ്രീന്‍ഫീല്‍ഡ് നഗരങ്ങളുമായും തടസ്സരഹിതമായി സംയോജിപ്പിക്കുകയും അതുവഴി സംസ്ഥാനത്തെ അടിസ്ഥാനപരമായി അഭിവൃദ്ധി പ്രാപിക്കുന്ന സമുദ്ര സമ്പദ്വ്യവസ്ഥയാക്കി മാറ്റുകയും ചെയ്യും. സംസ്ഥാനത്തെ നാല് പ്രാഥമിക ചെറുകിട തുറമുഖങ്ങളായ വിഴിഞ്ഞം-കോവളം, കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍ എന്നിവയുടെ വികസനത്തിന് ഉത്തേജനം നല്‍കുന്നതിനായി സമഗ്രമായ 'കേരള മാരിടൈം നയം' നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ സമഗ്ര വികസനവും നൂറുകണക്കിന് വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് തൊഴിലവസരങ്ങളും ലക്ഷ്യമിടുന്ന മിഷന് സമുദ്ര പദ്ധതിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പായി പറഞ്ഞുകേട്ട ടാറ്റാ പ്രൊജക്ടിനാണ് ഇപ്പോള്‍ തുടക്കത്തില്‍ തന്നെ കല്ലുകടി ഉണ്ടായിരിക്കുന്നത്.






