കൊച്ചി: കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായർ തട്ടിപ്പുകേസില്‍ തൃക്കാക്കര പൊലീസിന്റെ പിടിയിലായി.
തിരുവനന്തപുരം സ്വദേശിയില്‍നിന്നും 35 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. കാക്കനാട് സെസിലെ കമ്പനിയില്‍ നിക്ഷേപിച്ചാല്‍ നാലിരട്ടിയായി തുക തിരിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്തതാണ് രണ്ട് വർഷം മുൻപ് പണം വാങ്ങിയത്. കമ്പനി നഷ്ടത്തിലാണെന്നും പണം നിക്ഷേപിച്ചാല്‍ കമ്പനിയുടെ ബോർഡില്‍ അംഗമാക്കാം എന്നുമായിരുന്നു വാഗ്ദാനം.അതേസമയം തന്നെ ഇരയാക്കിയത് കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായർ ആണെന്ന് യുവാവിനു മനസ്സിലായിരുന്നില്ലെന്നാണ് പൊലീസ് നല്കുന്ന വിവരം. കമ്പനിയുടെ ഡയറക്ടറാണെന്നാണ് ലത സ്വയം പരിചയപ്പെടുത്തിയത്.
എന്നാല്‍ ഇന്ദ്രാമേനോൻ എന്ന പേരിലായിരുന്നു പരിചയം സ്ഥാപിച്ചത്. ലതയ്ക്കൊപ്പം കൂട്ടാളികളായ മൂന്നു പേരും പിടിയിലായിട്ടുണ്ട്. അനില്‍കുമാർ, സുനില്‍കുമാർ, സിന്ധു തുടങ്ങിയവരാണ് പിടിയിലായത്. കേസില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്. നിരവധി പേരെ സമാനമായ രീതിയില്‍ ലത കബളിപ്പിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.






